ഹര്ത്താല്
രാവിലെ നാല് ഉദ്യോഗസ്ഥര് കവലയില് ഒത്തു കൂടി. അവിടെ ബൈക്ക് പാര്ക്ക് ചെയ്തിട്ടാണ് നാല്വരും പട്ടണത്തിലെ തങ്ങളുടെ കാര്യാലയങ്ങളിലേക്ക് വഴി പിരിയുക.
അറിഞ്ഞോ നാളെ ഹര്ത്താലാ?
അപ്പോള് ചെലവ് വേണമെന്നര്ഥം.
ഉവ്വ്, നിനക്കിന്ന് നേരത്തെയിറങ്ങാന് പറ്റ്വോ?
ഇല്ല. അക്കൌണ്ട് ക്ലോസിങാ.
നിനക്കോ?
ഓഡിറ്റ് ടീം വന്നിട്ടുണ്ട്...ഇന്ന് നിന്ന് തിരിയാന് നേരം കാണില്ല.
നിന്റെ കാര്യോ?
സബോര്ഡിനേറ്റ് ലീവിലാ...ഇന്നെല്ലാ പണിയും എന്റെ തലയിലായിരിക്കും.
എന്നാ ഒരു കാര്യം ചെയ്യാം..ഞാന് രണ്ടിനിറങ്ങും...നീ മൂന്നിനിറങ്ങണം...നീ നാലിന്... നാലാമന് അഞ്ചിന്...
എന്തിനാ..?
മാറി മാറി ക്യൂവില് നില്ക്കാന്... ഒരാളെത്ര നേരാ നിക്ക്വാ..? അത്ര വലുപ്പം കാണും ബീവറേജിലെ ക്യൂവിന്...രണ്ടാള് ഇറച്ചിക്കടയില് വേണം... ഓഫീസീന്ന് നേരത്തെയിറങ്ങിയില്ലെങ്കില് ഇതൊക്കെ വാങ്ങിച്ച് വീട്ടിലെത്തുമ്പം അര്ദ്ധരാത്രി കഴിയും.
പിന്നെ ഹെല്മെറ്റെടുക്കാന് മറക്കണ്ടാ...
അതെന്തിനാ?
ക്യൂവില് നില്ക്കുമ്പം മുഖംമൂടിക്ക്..
അതെ, ഹര്ത്താലില്ലെങ്കില് നമുക്കെന്താഘോഷം?
(22.09.2011)
കഥ
മുയ്യം രാജന്‍
സ്പോണ്‍സര്‍
ബാലസാഹിത്യ പുരസ്ക്കാര വിതരണ ചടങ്ങ്.
വേദിയില്‍ സാമാന്യം വലുപ്പമുള്ള ഒരു കസേര. ഒരെണ്ണം തീരെ ചെറുത്. പിന്നെ
നാലഞ്ച് സാധാരണ കസേരകളും.
ഇതെന്താണ് തരാതരം കസേരകള്‍?
തീരെ ചെറിയ കസേര പുരസ്കാര ജേതാവിനിരിക്കാനുള്ളത്. വലിയ കസേര സ്പോണ്‍സറിന്.
എനിക്ക് ചിരി വന്നു. ചാനലുകളുടെ കാര്യം തന്നെ നോക്ക്. അവരുടെ സകല
പരിപാടികളും സ്പോണ്‍സര്‍ഷിപ്പിലാണ് ഓടുന്നത്.
ഇങ്ങനെയാവുമ്പോള്‍ ആദരിക്കപ്പെടുന്നതാരാണ്?
പുരസ്ക്കാര ജേതാവോ? സ്പോണ്‍സറോ?
അതൊന്നും ചോദിക്കരുത്.
സംഘാടകന് ദ്വേഷ്യം വന്നു.
ദിസ് അവാര്‍ഡ് ഈസ് സ്പോണ്‍സേര്‍ഡ് ബൈ...
22.09.2011)
വിഷവര്‍ഷം
മുയ്യം രാജന്‍
മരണം വിതയ്ക്കുവാന്‍ വന്ന രാപ്പക്ഷിയോ...?
മൃതഭൂവിലലയുന്ന രക്തരക്ഷസ്സോ ...?
മൃത്യുവിന്നടരാടാന്‍ വേദികള്‍ തീര്‍ത്തതോ
മൃതപ്രാതരാക്കിക്കിടത്തുവാന്‍ വന്നതോ...?
മനോമുകുരത്തില്‍ തെളിയുന്നൊരു ചിത്രം
മരണം ഭ്രമരമായി മുരളുന്ന നിഴല്‍ച്ചിത്രം
മഴച്ചാര്‍ത്തു പോലെ പെയ്യുന്നു നിന്‍ നേത്രം
അശാന്തി വിതറിയ മാരക വിഷവര്‍ഷം..!
ആര്‍പ്പുവിളിയോടെ ആടിത്തിമര്‍ത്തൊരെന്‍
ആതിരക്കുഞ്ഞിനെ ആതുരയാക്കിയോ..?
താരിളം മേനിയില്‍ കൂരമ്പിറക്കി നീ
ക്രൂരമൃഗമായി കൊമ്പുകള്‍ കോര്‍ത്തുവോ.. ?
ഭൂമുഖം കീഴ്മേല്‍ മറിയ്ക്കുന്ന ചെയ്തിയാല്‍
തോരാത്ത കണ്ണീരെന്‍ കൂരമേല്‍ വീഴ്ത്തിയോ..?
പാരിതില്‍ പതിതരെ ഇല്ലായ്മ ചെയ്യുമ്പോള്‍
ഉയരുന്ന മുറവിളിക്കുയിരില്ലെ മക്കളേ..?
പാരമപാരം പാപങ്ങള്‍ പെരുകുമ്പോള്‍
വാളെടുക്കുന്നവര്‍ ആരാണു മര്‍ത്ത്യരേ..?
പാതാളക്കരണ്ടികള്‍ ഹൃദയത്തിലാഴ്ത്തുമ്പോള്‍
പിടഞ്ഞുണര്‍ന്നത് കിനാവായിരുന്നെങ്കില്‍ !
മനസ്സാക്ഷിക്കുത്തേറ്റു ദ്രുമിച്ചുരുകുന്ന
ദുഷിച്ചു നാറിയ ദുരയിതു ധര്‍ത്തിയില്‍..
വിഷബീജവിത്തുകള്‍ വിതച്ചു കൊയ്യുന്ന
നശിച്ച നാട്ടിന്‍ വിധിയിതു മര്‍ത്ത്യര്‍ക്ക്..
ധാത്രിതന്‍ വിരിമാറില്‍ കൂരമ്പു പായിച്ചു-
ചരിത്രമെഴുതുവാന്‍ നെഞ്ചുവിരിക്കുവോര്‍...
കേള്‍ക്കാന്‍ കൊതിക്കില്ല കദനമെഴും കഥ
കണ്ണും കാതും കവര്‍ന്നെടുക്കും വ്യഥ...
മജ്ജയും മാംസവും കാര്‍ന്നു കഴിഞ്ഞിട്ടും
നിലവിളിക്കുന്നവരാരാണു മര്‍ത്ത്യരേ..?
നല്ല നാട്ടാരായ നരഭോജികളാണോ..?
നിര്‍ജ്ജീവമായിത്തീരും നരകജന്മങ്ങളോ..?!
കവിത
അരൂപികളുടെ ആത്മഗതം
മഴ വന്നു തൊടുമ്പോള്‍
തോരാതെ പെയ്യുന്ന
അമ്മയുടെ
താരാട്ടും കണ്ണീരുമാണ് ഓര്‍മ്മ വരിക
കൊടും വേനലില്‍ ഉരുകുന്ന
വെയിലായി, അച്ഛന്‍
കലി തുള്ളുന്നതും
കണ്ണുരുട്ടുന്നതും കാണാം
കുളിര്‍ കാറ്റിന്‍ കൊഞ്ചലില്‍
പ്രണയിനിയുടെ
വികാര വായ്പ്, ശാപവചനങ്ങള്‍,
ആത്മഹത്യാ ഭീഷണി, പയ്യാരങ്ങള്‍
അതെല്ലാം ഓര്‍ക്കുമ്പോള്‍
വിഭ്രമങ്ങളുടെ വേലിയേറ്റം വന്നു
ശ്വാസം മുട്ടിക്കും.
ഇനി ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ
പാഴ്‌ജന്മത്തിന്‍
പാപക്കടലിലേക്കെടുത്തു ചാടി
പ്രാണന്‍ വെടിയുക
പിന്നെ പഴിചാരാനും
ഒന്നു മിണ്ടാനും പറയാനും ആരും കാണില്ലല്ലോ...
എന്നാലും,
ഞാന്‍ ഇവിടെത്തന്നെയുണ്ട്
നിങ്ങള്‍ കേള്‍ക്കാത്ത മൊഴികളില്‍
അരൂപിയായിട്ടാണെന്നു മാത്രം.
കവിത
മുയ്യം രാജന്‍
മറുവാക്ക്
നാട്ടിടവഴിയിലൂടെ
ഒറ്റയ്ക്കു നടക്കുബോള്‍
നിങളൊരു
നാഗരികാനാണോയെന്നു
കാറ്റു കിന്നാരം ചോദിയ്ക്കും
ഗൃഹാതുരതകള്‍
തോല്‍ സഞ്ചിയില്‍
തൂക്കി നടന്ന
കാഥികനായിരുന്നില്ലേയെന്നു
കാലം കണ്ണു തുറിയ്ക്കും
നാടുകള്‍ അടിക്കടി
നഗരവല്ക്കരിക്കപ്പെടുബോള്‍
നോക്കുകുത്തികളായി
നിലകൊള്ളുക നിങ്ങളെഴുതിയ
കള്ളക്കവിതകള്‍ മാത്രമായിരിക്കുമെന്നു
നാളെയൊരു നാട്ടുകവി
കളിയാക്കിച്ചിരിക്കും?
കവിത
വെറും പൂച്ചക്കാര്യങ്ങള്‍
കിനാവുകള്‍ക്കിനിമേല്‍
കരം ചുമത്തണമെന്ന്
ശഠിച്ചത് രാമേട്ടനാണ്,
അതും ലോകത്തെ കീഴ്മേല്‍ മറിക്കുന്ന
പതിവു പാഴ് സല്ലാപങ്ങളില്‍ ..
മരിച്ചവരെക്കുറിച്ചായിരുന്നു
ഇന്നലത്തെ ചര്‍ച്ച മുഴുവന്‍,
സ്മരണകളില്‍ ചിലര്‍
പുലികളായി *
മറ്റു ചിലര്‍ എലികളും.
അഗ്നിശരത്തെക്കാള്‍ വേഗമുണ്ട്
ചൂട് പിടിയ്ക്കുന്ന ചര്‍ച്ചകള്‍ക്ക് !
ചെറിയ കാര്യങ്ങള്‍ക്ക് വരെ
നാമെത്ര വിലപ്പെട്ട നേരമാണ്
വെറുതേ കളഞ്ഞു കുളിയ്ക്കുന്നത് ..?
വിഷ (യ/മ) ദാരിദ്ര്യം കൊണ്ടായിരിക്കുമോ
പുതിയ തലമുറ
ആത്മഹത്യയെക്കുറിച്ച് പറയുമ്പോള്‍
അനല്പമായ ആഹ്ലാദം അനുഭവിയ്ക്കുന്നത്..?!
*വേലുപ്പിള്ള പ്രഭാകരന്‍
ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്
കവിത
മനക്കോട്ട
ഭൂമിയിലിടമില്ലാത്തതിനാലാണ്
ഒരു തുണ്ട് സ്വപ്നലോകം
മനക്കണ്ണില്‍ നിന്നും കീറിയെടുത്ത്
ആകാശക്കോട്ട മെനഞ്ഞത്...
പരിഹാസത്തിന്റെ
ചാട്ടുളികളില്‍ നിന്നും
നിസ്സഹായതയിലേക്കുള്ള
ഒളിച്ചോട്ടം;
മോഹച്ചുഴികള്‍ കൊണ്ടൊരു തടയണ --
ഇതൊക്കെയായിരുന്നു എന്റെ
കൂ (ടു)റു മാറ്റ രഹസ്യങ്ങള്‍...
മനോകാമനകള്‍ക്ക് രമിക്കാന്‍
ഋതുക്കള്‍ കൊണ്ട്
ശരശയ്യ ഒരുക്കിയാണ്
ഇപ്രാവശ്യത്തെ
പുതുവര്‍ഷാചരണം...
സ്വപ്നക്കുരുക്കില്‍
കാല്‍ വഴുതി വീഴുന്നവര്‍ക്ക്
സ്വാഗതം !
കവിത
വഴിയടയാളം
കൈവിട്ടുപോയ പഴയരോര്‍മ
മെല്ലെ പടികയറി വരുന്നു...
കാത്തിരുന്ന്
കണ്ണുകള്‍ കഴച്ച കൂരിരുട്ട്
കരിന്തിരി കത്തുന്നു...
ഇരുളടയിരിക്കുന്ന നിലവറയില്‍
ചിലന്തിയും ചീവീടും ചൂതിനൊരുങ്ങുന്നു...
വഴിപിഴച്ചു പോയ പുതിയരോര്‍മ
പുഴയുടെ ആഴം തേടുന്നു..
കടല്‍ വിഴുങ്ങി;
കാലം മായ്ച്ചു കളഞ്ഞ
അതിന്റെ വന്‍കരയിലായിരുന്നു
എന്റെ കുടിലും
അവരുടെ കൊട്ടാരവും...
മുയ്യം രാജന്‍ [] കവിത
ഡിസംബറിനോട് വിട!
യുഗയുഗാന്തരങ്ങളുടെ
ഭാരം പേറി
നടുവൊടിഞ്ഞ നീയിന്നുമൊരു
നവോഢയാണെന്നേ
ഞാന്‍ പറയൂ...
നവലോകത്തിലേയ്ക്ക്
കാലൂന്നുന്ന പുതുമോടികള്‍ക്ക്
വിടപറച്ചിലോടെ
സുസ്വാഗതമോതുമ്പോള്‍
നൊമ്പരത്താല്‍ ഈ കണ്ണുകള്‍
ഒരിക്കലും ഈറനണിയരുത്....
മഴയും വെയിലും മഞ്ഞും നനഞ്ഞ്
വീര്‍പ്പിന്റെ വിഴുപ്പു ഭാണ്ഡം ചുമന്ന നീ
സര്‍വ ചരാചരങ്ങളേയും അതിജീവിച്ച്
പുതു വരവേല്‍പ്പിന്റെ
താരാട്ടുപാട്ട് കേള്‍ക്കണം..
വിരഹത്തിന്റെ വിതുമ്പല്‍
ഉള്ളിലൊതുക്കി
കാലത്തിന്റെ കൊള്ളരുതായ്മകളയവിറക്കുമ്പോള്‍
തെല്ലും പശ്ചാത്തപിക്കരുതെന്ന
ഒരപേക്ഷ മാത്രമാണിനി
ബാക്കിയുള്ളത്.
ജനുവരി
മുയ്യം രാജന്‍ [] കവിത
ജനുവരിപ്പുലരിയ്ക്കു നേരുന്നു മംഗളം
ജനിസ്മൃതി വിടര്‍ത്തുന്ന സ്നേഹദളം
ജനമാനസങ്ങളെ തരളിതമാക്കിയ
ജന്മജന്മാന്തര ഹൃദയ താളം.. ഇതു
ജീവല്‍ സ്പന്ദന മധുര മേളം...
പൊന്നില്‍ കുളിച്ചു പുഷ്പിണിയായി
പുഷ്യരാഗം ചൂടും പുണ്യ ദിനം
പിഞ്ചിളം പൈതലിന്‍ പഞ്ചാരമൊഴിയിലും
പുഞ്ചിരിപ്പാലൂറും സ്വര നിനാദം..
നയനാഭിരാമത്തെ മനോജ്ഞമാക്കിയ
നിരുപമ സൗന്ദര്യ ജീവ പ്രവാഹം..
നീലവാനവും നിറചിരി കണ്‍കളാല്‍
നവപ്പുലരിയ്ക്കു നേരും പ്രണാമം..!
സുസ്മേര സുമവൃന്ദം സന്തതമൊരുക്കിയ
സുഗമ സംഗീത ഋതു പ്രഭാവം..
സ്വര്‍ഗവും ഭൂമിയ്ക്കു സ്വാഗതമോതിയ
സുകൃതമാം പിറവിതന്‍ സുപ്രഭാതം..!
1
മുയ്യം രാജന്‍ [] കവിത
നുറുങ്ങുകള്‍
തുടക്കം
കണ്ണീരിലാണ്
തുടക്കം...
വേദനയുടെ
നദി
നീന്തിക്കടന്ന്
ജീവിതത്തിന്റെ
ആഴക്കടലിലെത്തുമ്പോഴേയ്ക്കും
കൈകാലുകള്‍
കുഴഞ്ഞു പോയിരുന്നു...
മടക്കം
ഗൃഹാതുരതകളുടെ
പെരുവഴിയിലേയ്ക്കാണ്
പഴമതേടിയുള്ള
മടക്കയാത്ര
തറവാടെന്ന
മുതുമുത്തശ്ശിയ്ക്കിപ്പോള്‍
പുതുതലമുറക്കാരനായ
ഈ കൊച്ചുമോനെ
ഓര്‍മ്മ കാണുമോ...?
മുയ്യം രാജന്‍ [] കവിത
അടയാളം
കണ്ണീരിന്റെ കുളം കോരി
ഉമിനീര്‍ വറ്റിയ
കര്ഷകന്‍
ദൈവ നിയന്ത്രണത്തിലുള്ള
റേഷന്‍ കടയുടെ മുന്നില്‍
വരള്‍ ച്ചയുടെ
തിരിച്ചറിവു
കാര്‍ ഡുമായി
ക്യു നില്ക്കുന്നു.
കാലവര്ഷത്തെ
മൊത്തത്തില്‍ തീറെടുത്ത
പുത്തന്‍ കരാറുകാരന്‍
ഇപ്രാവശ്യം
തെരഞെടുപ്പു
വാഗ്ദാനമാക്കുന്നത്
കുടിവെള്ളമെന്ന
ചിഹ്ന്മാണത്രെ !
മുയ്യം രാജന്‍ [] കവിത
മഴക്കവിതകള്‍
കൃത്രിമ മഴ
തീക്കുണ്ടമായ മനസ്സിനെ
മഴയിപ്പം ശമിപ്പിക്കും ..
കൊടും കാറ്റ് വീശും ..
മേഘങ്ങള്‍ കരിം കൊടി തോരണങ്ങള്‍ തൂക്കും ..
"കഴിഞ്ഞ മഴക്കാണു ഈ വീടിന്റെ
നെടും തൂണായ എന്റെ പൊന്നുമോനെ
നീ കുരുതികഴിച്ചതെന്നു"
അമ്മ നെഞ്ചത്തടിച്ചു പയ്യാരം പറഞ്ഞിട്ടും
മഴ പെയ്യാത്തതിനാല്‍
കണ്ണീരുകൊണ്ടു
കൃത്രിമ മഴ പെയ്യിച്ചു കളഞ്ഞു
എന്റെ അമ്മ...!
കണ്ണീര്‍ മഴ
കാലം തെറ്റി
മഴക്കാലം കയറി വന്നതിനാല്‍
കാര്‍ഷിക വിളകള്‍ നശിച്ചു..
ഭൂപണയ ബാങ്കില്‍ നിന്നും
ജപ്തി നോട്ടീസ് വന്നു..
നാട്ടില്‍ ആത്മഹത്യ ആഘോഷമായി
മുയ്യം രാജന്‍ [] കവിത
ജലരേഖകള്‍
കടല്‍ കരയുകല്ല; കലമ്പുകയുമല്ല
കാലാകാലങ്ങളായുള്ള
അന്ത:സംഘര്‍ഷങ്ങളെ
ഉരുക്കഴിക്കുകയാണ്.
അലറി വിളിച്ചു വന്ന്
അരുമയായി കാലില്‍ തൊട്ടു തലോടുബോള്‍
അനുഭവിച്ചറിയുന്നത്
സാന്ത്വനമോ? സുകൃതമോ ?
സ്വന്തം സ്വത്വത്തെ
ആഴത്തില്‍ തൊട്ടറിയാനുള്ള
വെമ്പലോ? വിതുമ്പലോ ?
വികാരച്ചുഴിയില്‍ മദിച്ച്
വിങ്ങലോടെ പിന്‍ വാങ്ങുമ്പോള്‍
കാല്‍ക്കീഴില്‍ നിന്നടര്‍ത്തിയ
ഇത്തിരി മണ്ണെനിക്കു ദാനം തരുമെന്നോ?
ആലോലം തുള്ളുന്ന എന്റെ അഭിനിവേശത്തെ
കോലാഹലത്തിരയില്‍ മുക്കി വിശുദ്ധമാക്കാമെന്നോ?
തല തല്ലി ചിരിച്ചും , കളിച്ചും , രസിച്ചും
നേരം കളയുന്ന കടലേ നിനക്കെന്തായാലും
മനുഷ്യ സം ഘര്‍ ഷങ്ങളുടെ
ആഴമളക്കാനുള്ള അളവുകോലാകാനാവില്ലെന്നതുറപ്പ്
കവിത
ഭക്തിമാര്‍ഗം
കിനാവള്ളിയില്‍ തൂങ്ങിയാടുമ്പോള്‍
സ്വര്‍ഗ കവാടം കണ്ടു.
സ്വര്‍ഗപ്രവേശത്തിനുള്ള
ഊഴം കാക്കുമ്പോള്‍
കാവല്‍ ക്കാരനായ ചെകുത്താന്
ഉപചാരം പറയാത്തതിനാണ്
എനിക്കീ പിഴ കിട്ടിയത്.
വെട്ടിത്തിളക്കുന്ന എണ്ണക്കു
മീതേയുള്ള നൂല്‍പ്പാലവും
അതിനു മേലെയുള്ള നടത്തവും
കൊള്ളിയാനായി കണ്ണിലുടക്കി..
തിളക്കുന്ന എണ്ണയിലേക്കു നിപതിക്കുമ്പോള്‍
കൈത്താങ്ങായി നീണ്ടു വന്നതോ
ചെകുത്താന്റെ കൈകള്‍ . . ?
കുന്തത്തില്‍ കോര്‍ത്ത്
പപ്പടം പോല്‍
പൊള്ളിച്ചെടുക്കുമെന്നു പേടിച്ചരണ്ടപ്പോളാണ്
അരുളപ്പാടുണ്ടായത്:
നിനക്കിപ്പം സ്വര്‍ഗസ്ഥനായ ഭഗവാനെയാണോയിഷ്ടം ...
അതോ, കാവല്ക്കാരനായ എന്നെയോ..?
ഏന്തുത്തരം പറയണമെന്ന്
മിഴിച്ചിരിക്കുബോഴാണു
കിനാവിന്റെ നൂലിഴ പെട്ടെന്നു പൊട്ടിപ്പോയത്.
അങ്ങനെയാണ് ഞാന്‍ ചെകുത്താന്റെ
ഉപാസകനും പരമഭക്തനുമായത്.
കവിത
ജീവന കല
വീടൊരു നരകമായിത്തീര്‍ന്നപ്പോഴാണ്
നദിയുടെ ആഴമളക്കാന്‍ പോയത്.
നല്ലവരായ ജനം
രക്ഷിച്ചു; വീടണച്ചു.
മരണക്കെണിയില്‍ കുരുങ്ങുന്നേരം
തൂക്കുകയര്‍
ചതിച്ചു; പൊട്ടിച്ചിരിച്ചു.
ഒടിഞ്ഞുതൂങ്ങിയ ശരീരവുമായി
കുറേക്കാലം
നരകിച്ചു; ജീവിച്ചു.
വീടു തന്നെയാണ്
സ്വര്‍ഗം; സ്വൈരക്കേടും
നേര്‍വഴി കാണിക്കാന്‍
നാട്ടുകാര്‍
ഗൃഹസ്ഥാശ്രമ കുരുക്കിലാക്കിയ
അയാളിപ്പൊഴും ജീവിയ്‌ക്കൂന്നുണ്ട് പോലും നരകിച്ചുനരകിച്ച് ;
മരിച്ചതുമാതിരി..
കഥ
ദുരിതസന്ധി
എല്ലാ പ്രതീക്ഷയും അടഞ്ഞപ്പോള്‍ ഉറങ്ങാനാണ് കിടന്നത്. ദുഃസ്വപ്നത്തില്‍ നിന്നും ഭാര്യ തട്ടിയുണര്‍ത്തുമ്പോള്‍ തേട്ടി വന്ന പ്രതീക്ഷയോടയാള്‍ ചോദിച്ചു:
"നമുക്ക് വീണ്ടും ലോട്ടറിയടിച്ചോ മോളെ.."
"ങാ"
"എന്നിട്ട്..?"
"അമ്മിണിയെ വിഷം തീണ്ടി, അമ്മ രക്തം ചര്‍ദ്ദിച്ചാശുപത്രീലാ, അപ്പൂന് തൊഴില്‍ തര്‍ക്കത്തില്‍..."
നാട്ടില്‍ നിന്നും വരുന്ന ദാരിദ്ര്യത്തിന്റെ ശിരോലിഖിതങ്ങള്‍ കുറിച്ച കത്ത് ഭാര്യയുടെ കയ്യില്‍ക്കിടന്ന് പിടയുമ്പോള്‍ കുടുംബത്തിന്റെ ചുക്കാന്‍ പിടിയ്ക്കുന്ന അയാള്‍ മോഹാലസ്യത്തിന്റെ വക്കത്തായിരുന്നു.
പിന്നീടയാള്‍ കൂലിപ്പണിക്കായി പടിയിറങ്ങുമ്പോള്‍ ഭാര്യയുടെ പിന്‍വിളിയുണ്ടായി:
"നിങ്ങള് വേഗം വരണേ.. മോന് നല്ല പനിയുണ്ട്.. മോളും മൂന്നാല് പ്രാവശ്യം ചര്‍ദ്ദിച്ചിന്... എന്റെ വയറുവേദന പിന്നേം... നിങ്ങക്ക് തല കറക്കമുള്ളതാ...വഴിയില്‍ മറിഞ്ഞു വീഴാതെ..."
നിത്യ ദുരിതങ്ങളുടെ മാറാപ്പു പേറിയ അയാളുടെ ജീവിതത്തോണി മറ്റൊരു നിലനില്പ്പിന്റെ അഴിമുഖത്താണെന്നും; അതൊരു അഗാധമായ ചുഴിയിലേക്ക് പുതഞ്ഞു പോവുകയാണല്ലൊ എന്നൊക്കെയുള്ള ചിന്തകള്‍ക്കിടയില്‍ ബോധംകെട്ട് നിലംപതിച്ച അയാളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും രക്ഷയില്ലെന്ന് അവസാനം വിധിയെഴുതുകയായിരുന്നു...
ലേഖനം
വിശന്നു വലഞ്ഞ വെള്ളിയാഴ്ച
വീട്ടില്‍ നിന്നും നെടുംകുത്തായ ഒരു കിള. അതു കയറിയാല്‍ വിശാലമായ പറമ്പ്. പകല്‍ പോലും ആകാശം കാണാതെ സദാ ഇരുളടയിരിക്കുന്ന കുണ്ടനിടവഴി. കുന്നു കയറി ഉച്ചിയിലെത്തുമ്പോള്‍ കരിമ്പാറകളാല്‍ നിബിഡമായ കണ്ണപ്പിലാവ്. ഈ പ്രപഞ്ച മാധുര്യമെന്താണെന്നും എത്രയാണെന്നും നമ്മെ വിസ്മയിപ്പിക്കും. ചുണ്ടുകളപ്പോള്‍ മന്ത്രമുഖരിതമാകും. നിമന്ത്രണങ്ങള്‍ ചക്രവാളത്തില്‍ തട്ടി കാതുകളില്‍ പ്രതിദ്ധ്വനിയുണര്‍ത്തും : ഇവിടമാണ് സ്വര്‍ഗ്ഗം ! (സ്വര്‍ഗ്ഗത്തിലും കാണും കട്ടുറുമ്പുകള്‍ ! അങ്ങകലെ, കോള്‍മൊട്ടയ്ക്കുള്ള സ്നേക്ക് പാര്‍ക്കിന്റെ ഓരത്തൂടെയും, കുറ്റിക്കോലിലൂടേയും, മയ്യിലൂടേയും അരിച്ചു നീങ്ങുന്ന വാഹനവ്യൂഹങ്ങള്‍ക്ക് ഒരു ഉറുമ്പിനെക്കാള്‍ വലുപ്പക്കുറവായിരുന്നു ! [ കോള്‍മൊട്ടയുടെ വടക്കു-കിഴക്കു ഭാഗത്ത് മുയ്യം റൂട്ടില്‍ ആണ് കണ്ണപ്പിലാവ് ] )
നട്ടുച്ചകളില്‍ രുദ്രതാണ്ഡവമാടുന്ന ചുഴലിക്കാറ്റ് പൊടിപടലങ്ങളെ, പ്രത്യേകിച്ചും വെള്ളിയാഴ്ചകളില്‍ , ആകാശത്തോളമുയര്‍ത്തും. ചടുലമായി ഇളകിയാടിയുള്ള ഗുളികന്റെ വരവാണതെന്ന് പഴമക്കാര്‍ പരിതപിക്കും.
കുന്നിന്റെ ആഴത്തില്‍ നിന്നും സ്ഥാനത്തും അസ്ഥാനത്തും ഒലിച്ചെത്തുന്ന ഭാസ്ക്കരേട്ടന്റെ വായ്ത്താരികള്‍.. താന്‍ വായിക്കുന്ന പുസ്തകത്തിലെ കഥാപാത്രങ്ങളുമായുള്ള ഒരു തുറന്ന സംവാദമാണത് :
"... ഈ ലോകം ഒരു മഹാശ്മശാനമാണ്..തലമുറകളായി മരിച്ചു മണ്ണടിഞ്ഞവരുടെ പടലങ്ങള്‍ക്ക് മീതെ നമ്മള്‍ പാര്‍ക്കുന്നു. നമ്മള്‍ക്ക് ശേഷം പിറകിലുള്ളവര്‍ അവരുടേതായ ഒരു ലോകം പടുത്തുയര്‍ത്തും .. അതെ, ശ്മശാനങ്ങള്‍ക്കുമേല്‍ ശ്മശാനങ്ങള്‍
ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകള്‍ തന്റേതായ വശ്യശൈലിയില്‍ പകര്‍ത്തുകയാണ്.." (ഒരു ദേശത്തിന്റെ കഥ : എസ്.കെ. പൊറ്റെക്കാട്ട്).
എഴുപതുകളില്‍ കല്‍ക്കത്തയിലേക്ക് അദ്ദേഹം ജോലി തേടിപ്പോകും വരേക്കും വായനയുടെ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയ ഏക കൂട്ടാളി ഭാസ്ക്കരേട്ടനായിരുന്നു.
" ഓന്‍ പഠിച്ച് വല്യ കഥയെയ്‌താന്‍ പോവ്വ്വാത്രെ..! "
മുത്തശ്ശി കളിയാക്കും.
അതിനോടുള്ള പക തീര്‍ക്കാന്‍, വീട്ടുകാര്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന നട്ടപ്പാതിരാവുകളില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ വായിച്ചു തള്ളിയ പുസ്തകങ്ങള്‍ക്ക് കയ്യും കണക്കുമില്ല.
ഏഴില്‍ നിന്നും എട്ടിലേക്ക് പാസായി, ഗ്രാമത്തില്‍ നിന്നും പട്ടണത്തിലെ ഹൈസ്കൂളിലേക്കുള്ള ഒറ്റയ്ക്കുള്ള നടത്തയ്ക്കിടയിലാണ് കഥകളില്‍ പരിചയിച്ച കഥാപാത്രങ്ങള്‍ എന്റെ കൂടെ നടക്കാന്‍ കൂടുക.. കാടും മേടും ഊടുവഴികളും താണ്ടി എന്നോടൊപ്പമെത്താന്‍ അവ വല്ലാതെ വെമ്പല്‍ കൊള്ളും. മരച്ചില്ലകളില്‍, കരിയിലകളില്‍, കാറ്റില്‍, നിലാവില്‍, കുളിരില്‍, കൂരിരുളില്‍ മനസ്സിന്റെ ഇടനാഴിയിലേക്കിറങ്ങി വരും, മെല്ലെ...
സകല കുട്ടികളും ഉച്ചയൂണു കഴിക്കാനും നിസ്കരിക്കാനും പോയ ഒരു വെള്ളിയാഴ്ചയിലെ ഇടവേളയില്‍, വയറിലെരിയുന്ന വിശപ്പിനെ പച്ചവെള്ളം കുടിച്ച് കടിച്ചമര്‍ത്തി, കണക്കിന്റെ നോട്ട് ബുക്കില്‍ നിന്നടര്‍ത്തിയെടുത്ത കടലാസില്‍ ഞാനെന്തൊക്കയോ കുത്തിക്കുറിച്ചു : വിശപ്പിന്റെ സന്തതികള്‍ .
ആരെയും കാണിക്കാതെ പുസ്തകത്താളില്‍ ഒളിപ്പിച്ചു വച്ച ആ കഥാവിസ്മയം എങ്ങനെയോ കൂട്ടുകാരുടെ കണ്ണില്‍ പെട്ടു. ആകെ ബഹളമയം ഒച്ചകേട്ട് ക്ലാസിലേക്ക് കയറി വന്ന കോങ്കണ്ണന്‍ ഹെഡ് മാഷ് സകല കുട്ടികളെയും നിരത്തി നിര്‍ത്തി ചൂരല്‍ വടിക്കടിച്ചു.
എന്നിട്ടും, കൂട്ടുകാര്‍ പാത്തും പതുങ്ങിയും എന്റെ വെള്ളക്കടലാസ് വിസ്മയം വായിച്ച് കുശുകുശുത്തു. കളിയാക്കിച്ചിരിച്ചു. രസിച്ചു; പ്രോത്സാഹിപ്പിച്ചവരുമുണ്ട്.
മുന്‍ബെഞ്ചില്‍ രണ്ടാമനായിരിക്കുന്ന, ക്ലാസ്സിലെന്നും ഒന്നാമനായ, മുഹ്സിന്‍ എ. മുക്കോലയാണ് എന്നില്‍ കഥാബീജമുണ്ടെന്നാദ്യം കണ്ടെത്തിയതും പറഞ്ഞതും. പിന്നെ, എന്റെ എഴുത്തുകുത്തുകള്‍ മുഴുവന്‍ അവനു വേണ്ടി സമര്‍പ്പിച്ചു. ഞാനെഴുതുന്നവയൊക്കെ കൌതുകപൂര്‍വ്വം കണ്ടെടുത്ത്, സ്വന്തമായി വിലകൊടുത്ത് വാങ്ങിച്ച തടിച്ച ഫോട്ടൊ ആല്‍ബത്തിന്റെ പേജുകളിലേക്ക് മലേഷ്യയിലുള്ള അവന്റെ ഉപ്പ സമ്മാനിച്ച ഷെഫര്‍ പേന കൊണ്ട്, കുനുകുനെയുള്ള കയ്യക്ഷരത്തില്‍ പകര്‍ത്തിയെഴുതിയുണ്ടാക്കിയ ഒരു ആത്മമിത്രത്തിന്റെ വകയായുള്ള പ്രഥമ കയ്യെഴുത്ത് കഥാസമാഹാരോപഹാരം..!
1979 ല്‍ ക്ലാസ്സ് കഴിഞ്ഞ്, കാല്‍നടയായി വീട്ടിലേക്കുള്ള വരവില്‍, വടക്കാഞ്ചേരിയിലെ വായനശാലയില്‍ പത്രം നോക്കാന്‍ കയറി. പത്രം ആരോ വായിക്കുകയായിരുന്നതിനാല്‍ കയ്യില്‍ കിട്ടിയ വാരിക അലസമായി മറിച്ചു നോക്കുന്നതിനിടയിലാണ് അവിശ്വസനീയമായ ആ കാഴ്ച കണ്ണിലുടക്കുന്നത് : അര്‍ഹത എന്ന എന്റെ കഥ ദേശാഭിമാനി വാരികയില്‍ അച്ചടി മഷി പുരണ്ടിരിക്കുന്നു ! മുഹ്സിന്‍ ഞാനറിയാതെ പറ്റിച്ച പണിയാണ്. എന്റെ സന്തോഷത്തിനന്ന് സീമകളില്ലായിരുന്നു.
അധികനാള്‍ കഴിയും മുമ്പ് ജോലി തേടി മറുനാട്ടിലേക്ക് വണ്ടി കയറുമ്പോള്‍ ഞാനെന്റെ കഥയേയും കൂടെകൂട്ടി. എന്റെ കഥയ്ക്കും പ്രവാസത്തിനുമിന്ന് മുപ്പത്തിയൊന്ന് വയസ്സ് !
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ലീവില്‍ ചെന്നപ്പോഴാണറിയുന്നത് മുഹ്സിന്‍ മലേഷ്യന്‍ പൌരത്വം സ്വീകരിച്ചെന്ന് !
അവനിപ്പോഴും എന്റെ കഥകള്‍ കണ്ടെത്തി ആല്‍ബത്തിലേക്ക് പകര്‍ത്തിയെഴുതുന്നുണ്ടാകുമോ..?
വിശപ്പിന്റെ കഥ മാറി. തീന്‍മേശയ്ക്കു മുന്നിലിരിക്കുമ്പോഴിന്നും വിശന്നു വലഞ്ഞ എന്റെ ആദ്യകഥ മനസ്സിലേക്ക് കയറി വരും. അതിന്റെ ദുസ്സ്വാദ് തേട്ടി വരും. സ്നേഹിതനെക്കുറിച്ചുള്ള തീക്ഷ്ണമായ ഓര്‍മകള്‍ക്കിപ്പോഴും അസുലഭമായ നിറച്ചാര്‍ത്ത് കൈവരും..!
ഇനിയെന്നെങ്കിലുമൊരിക്കല്‍ അവനെ കാണുകയാണെങ്കില്‍ പറയാനുള്ള പരിദേവനങ്ങള്‍ ഞാനെന്തായാലും കരളില്‍ കൃത്യമായി കുറിച്ചുവച്ചിട്ടുണ്ട് :
- പ്രിയപ്പെട്ട കൂട്ടുകാരാ, കാലം അതിക്രമിച്ചു കടന്നതു പൊറുക്കൂ ...ഇന്നും പഴയ കൌതുക വസ്തുക്കള്‍ തേടി നടക്കുന്ന ഒരു പരദേശിയാണ് ഞാന്‍...
കഥ
നാട്ടിലേക്കൊരു പോക്ക്
മുയ്യം രാജൻ
മറുമൊഴിഃ-
നളിനിയുടെ നൊസ്സ് ഇപ്രാവശ്യം നേരത്തെ തുടങ്ങി.
നൊസ്സെന്ന് പറഞ്ഞാൽ ഇവിടെ വിവക്ഷ-നൊസ്‌റ്റാൽജിയ-ഗൃഹാതുരത്വം. സിമ്പിൾ മലയാളത്തിൽ മൊഴിഞ്ഞാൽ മറുനാട്ടിൽ തുലയാനും പൊരുത്തപ്പെടാനുമാവാത്തവർക്ക്, സ്വനാട്ടിൽ തിരിച്ചുപോയി നരകിക്കണമെന്ന സദാനേരവുമുളള വിചാരവും, ചിന്തയും....
എന്റെ നളിനി ആ ജനുസിൽ പെടുന്നു.
യാത്രാപ്പടിഃ-
കാറിൽ നിന്നിറങ്ങുമ്പോൾ ചിരിക്കുന്ന ചില പൊയ്‌മുഖ പ്രകടനങ്ങൾ. എതിരേല്പ്. നാട്ടിലേക്ക് സ്വാഗതം. സുസ്വാഗതം.
“യാത്രയൊക്കെ സുഖായിരുന്നോ..?”
“എന്ത് സുഖ‘മെന്ന് പറയാൻ നാവെടുക്കും മുമ്പ് നളിനി ഇടയിൽ ചാടിവീണു.
”ചൂടു കാരണം ഇപ്രാവശ്യം ഞങ്ങൾ ഇ.സി.യിലാ വന്നത്... അതിനാൽ കത്തുന്ന ചൂടായിട്ടും ക്ഷീണമൊന്നുമറിഞ്ഞില്ല...“
നീരുവന്ന് വീർത്ത കാലുകളിലേക്ക് നോക്കി നെടുവീർപ്പിടുമ്പോൾ സ്വയം മനസ്സിൽ തിരുത്തി. ’നളിനിക്കിതാണ് ഇഷ്‌ടമെങ്കിൽ പിന്നെനിക്കെന്തമാന്തം?‘
നളിനി കൊച്ചുകുട്ടിയെപ്പോലെ പെട്ടെന്ന് ശാഠ്യം പിടിച്ചപ്പോൾ പുറപ്പെട്ട് പോരുകയായിരുന്നു. ജനറൽ കമ്പാർട്ട്‌മെന്റിൽ, റിസർവ്വേഷനില്ലാതെ... അത്യാവശ്യം കാശ് കടം വാങ്ങിച്ച്...ചിട്ടി നഷ്‌ടത്തിന് പിടിച്ച്....
പ്ലാനിങ്ങില്ലെങ്കിൽ ജീവിതം പമ്പരം പോലെ....
പൊങ്ങച്ചസഞ്ചിഃ-
കുളി കഴിഞ്ഞ് വരുമ്പോഴേക്കും ഊണ് തയ്യാറായി. ചമ്മന്തി, തോരൻ, വെളിച്ചെണ്ണയിൽ കാച്ചിയ പപ്പടം, വെന്തുലഞ്ഞ മുരിങ്ങക്കായും, വെണ്ടയ്‌ക്കയും, കായവും ചേർത്ത സാമ്പാറിന്റെ മണം....ഹായ്...നാവിൽ കൊതിയൂറി. നല്ലൊരൂണ് തരായിട്ട് സംവത്സരങ്ങളായെന്ന് തോന്നി.
എല്ലാ ക്ലേശങ്ങളും നിമിഷങ്ങൾക്കകം പറപറന്നു. മരം കോച്ചുന്ന തണുപ്പും ചൂടുമിവിടില്ല. മിത ശീതോഷ്‌ണം.
”വണ്ടിയിലെ ശാപ്പാടൊന്നും ശരിയായിട്ടുണ്ടാവൂലാ.... അല്ലേ?“
”അതേമ്മെ.“
ഞാൻ വായെടുത്തപ്പോഴേക്കും ദാ നളിനി ചാടിവീഴുന്നു.
”ഇപ്രാവശ്യം വണ്ടീൽ നല്ലുഗ്രൻ ഊണ് തരപ്പെട്ടു. കാശ് ലേശം കൂടുമെങ്കിലും ഏസീലെ ശാപ്പാടിനോട് കിടപിടിക്കാനാവൂലാ.“
ഞാൻ അരിശം രസത്തോടൊപ്പം അരിച്ചു കലക്കി.
ഇടങ്കണ്ണിട്ടു നോക്കുമ്പോൾ നളിനി കസറുകയാണ്.
അതെ. തിരുപ്പതി വരെ ഞങ്ങൾ കയറിയ ജനറൽ ബോഗി ഏറ്റവും പിറകിലായിരുന്നു. അവിടെനിന്നും വണ്ടി തലതിരിഞ്ഞപ്പം ഏറ്റവും മുന്നിലായി. വാരണാസി വണ്ടിയുടെ ഞങ്ങൾ കയറുന്ന തലയും വാലും മിക്കവാറും സ്‌റ്റേഷന് വെളിയിലായിരിക്കും. കൂടാതെ പാൻട്രി സിസ്‌റ്റവുമില്ല. ഇറങ്ങിച്ചെന്ന് വല്ലതും വാങ്ങിക്കാമെന്ന് കരുതുമ്പോഴേക്കും സിഗ്നലായിക്കഴിയും. നെട്ടോട്ടം മെച്ചം. പൈസയും. വണ്ടിയിലെ ആഹാരത്തിനൊക്കെ ഇപ്പം തീപ്പിടിച്ച വിലയാണ്.
ആഴ്‌ചയിലൊരിക്കൽ മാത്രം ഓടുന്ന ആർക്കും വേണ്ടാത്ത കുണ്ടാമണ്ടി. എന്നിട്ടും മണൽ വാരിയിട്ടാൽ താഴോട്ട് വീഴില്ല. കഴിഞ്ഞ രാത്രി ആരും ജലപാനം പോലും കഴിച്ചില്ല. കുഞ്ഞുങ്ങൾ വിശന്നുറങ്ങി, തലങ്ങും വിലങ്ങും, മരിച്ച വീട്ടിലെന്നോണം.
എങ്ങനെയൊക്കെയോ തരപ്പെടുത്തിയ ബർത്തിൽ രാവേറെ ചെല്ലുവോളം തിരിഞ്ഞും മറിഞ്ഞും ചുരുണ്ടുകൂടി കിടക്കുകയായിരുന്നു നളിനി. നല്ലോണം വിശക്കുന്നുണ്ടാവും. കമാന്നൊരക്ഷരം മിണ്ടാനൊക്കില്ലല്ലോ. കുത്തിയിരുന്ന്, കൊതുകിനെ തല്ലിക്കൊല്ലി ഞാൻ നേരം വെളുപ്പിച്ചു.
ഏസി കോച്ചിൽ നല്ല ആഹാരമാണോ സർവ്വ് ചെയ്യാറുളളത്? അറിയില്ല.
അടിച്ചുപൊളിഃ-
ഒരാഴ്‌ച നാട്ടിൽ കുശാലായിരുന്നു. ഞങ്ങൾ പ്രവാസികൾ വല്ലപ്പോഴും കയറിച്ചെല്ലുന്ന അതിഥികളാണല്ലോ.
കുറെ യാത്രകൾ, കല്യാണങ്ങൾ, ഗൃഹപ്രവേശം, പിറന്നാൾ, സിനിമ, ഉത്സവം, തെയ്യം, വിരുന്നുകൾ, പയ്യാമ്പലം, ലേശം സ്വർണ്ണം, ഇത്തിരി കൈമടക്ക്, ഉടുപ്പ്, സമ്മാനപ്പൊതികൾ...
നളിനിക്കിതൊക്കെ നിർബ്ബന്ധമാണ്. എന്റെ കീശയുടെ വലുപ്പം കുറഞ്ഞു തുടങ്ങിയപ്പോൾ മുറുമുറുപ്പ്. സൗന്ദര്യപ്പിണക്കം. യാത്ര ടാക്‌സിയിൽ നിന്നും ഓട്ടോയിലേക്കും പിന്നെ ബസുകളിലേക്കുമായി ചുരുങ്ങുന്നു.
പരാധീനതകൾ വർദ്ധിക്കുന്നുഃ-
”ഈ മനുഷ്യന്റെ കൂടെ പൊറുക്കാൻ തുടങ്ങിയപ്പം തൊട്ട് എന്റെ കഷ്‌ടകാലം തുടങ്ങി....“
നളിനി ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു.
എത്ര ചെലവ് ചുരുക്കിയാലും നാട്ടിൽ നിന്നും തിരിച്ചു പോകുമ്പം ഇതുവരെ കടം വാങ്ങാതിരുന്നിട്ടില്ല. നളിനിയോട് ഇതൊന്നും പറയാറും അറിയാറുമില്ല. അതങ്ങനെയൊരു ജന്മം.
പരസ്പരം ജീവിതം പങ്കിടുമ്പോൾ ചില സ്വകാര്യതകൾ അനിവാര്യവുമാണ്. ഉവ്വോ?
സ്വപ്‌നകൂടാരംഃ-
”രവിയേട്ടൻ വെച്ച വീട് കണ്ടോ?“
കിടക്കാൻ നേരം നളിനി പിണക്കം മാറ്റി, അടുത്തുകൂടി.
”അവരൊന്നും നിന്നെപ്പോലെ വർഷത്തിൽ നാലുപ്രാവശ്യം നാട്ടിൽ വരുന്നവരല്ല....ഒരാണ്ടിലെ സമ്പാദ്യം മുഴുവൻ ഇങ്ങനെ ഓരോ പ്രാവശ്യവും നമ്മൾ പുകച്ചു കളയുന്നു..“
നളിനിയുടെ തേങ്ങൽ കേട്ടു.
”സ്വന്തവും ബന്ധവുമില്ലെങ്കിൽ പിന്നെന്തിനാ ഈ സമ്പാദ്യം?“
”അതെ. നാളെ നമ്മുടെ പെൺമക്കൾ വളർന്ന് വര്‌മ്പം അവരുടെ മുഖത്ത് നോക്കി ഇങ്ങനെ തന്നെ ചോദിച്ചാ മതി...ഇന്ന് നമ്മൾ നൽകിയ കൈമടക്കും കാണിക്കയും സ്വീകരിച്ച് കൈകൂപ്പിയവർ നാളെ സഹായിക്കാൻ കൂടെ കാണുമോ മോളേ...?“
”ഇനി രണ്ടുമൂന്ന് വർഷത്തേക്ക് നമുക്ക് നാട്ടിൽ വരണ്ട...നാളെ തന്നെ മടക്കയാത്രയ്‌ക്കുളള ടിക്കറ്റ് ബുക്ക് ചെയ്തോളൂ.... കുട്ടികളുടെ പഠിത്തമെന്തിനാ വെറുതെ പാഴാക്ക്‌ണ്...“
നളിനി ആ പറഞ്ഞത് എന്നെ സന്തോഷിപ്പിക്കാനോ സ്വയം സങ്കടപ്പെടാനോ?
കോമാളി ജന്മംഃ-
പ്രവാസി നാട്ടിലും വീട്ടിലും മാത്രമല്ല മറുനാട്ടിലും അന്യനാണ്. അവിടെയും ഇവിടെയും കാലാന്തരത്തിൽ വേരുകളില്ലാത്തവൻ...
മറ്റ് പോംവഴികളില്ലാത്തതിനാൽ എങ്ങനെയെങ്കിലും വഴിപിഴച്ചു പോകുന്നു. പ്രതികൂലമായ സാഹചര്യങ്ങൾക്കടിമപ്പെട്ട്; ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ വേണ്ടി മെനഞ്ഞുണ്ടാക്കിയ കളിമൺ പ്രതിമകൾ....പേക്കോലം...കളിവളളങ്ങൾ...കണ്ണീരാറ്റിലെ തോണി....കോമാളി ജന്മങ്ങൾ....
വാസ്‌തവത്തിൽ ഒരു പ്രവാസിയുടെ നിർവ്വചനമെന്താണ്?
വിഷുപ്പക്ഷിയോട് അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
മഞ്ഞളണിഞ്ഞു നീ മുങ്ങി നീരാടുവാൻ
മാമരച്ചോലയിൽ വന്ന നേരം....
പൊന്നു വിളയുന്ന കൊന്നമരക്കൊമ്പിൽ
കിന്നാരമോതുന്നു വിഷുപ്പക്ഷിയും...?
പുന്നെല്ലിൻ ചില്ലയിൽ കളിയാടാനെത്തുന്ന
ചെല്ല ചെറുകിളി പെണ്ണാളെ നീ....
പൊന്നാര്യൻ പാടത്തു കൊയ്യുവാനെത്തുമ്പോൾ
ചെഞ്ചുണ്ടിൽ കരുതുമോ തേൻകണം നീ....?
പൂഞ്ചേല ചുറ്റി നീ പുതുമാരനോടൊപ്പം
പുഞ്ചവരമ്പത്തു നിന്നനേരം...
പൂമേനിയിൽ പൊന്നുരുക്കുന്ന പുലരിയെ...
പഞ്ചാരമൊഴിയാലെ കണി കാണുമോ...?
ഓണപ്പെൺകൊടി അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
ഓണക്കിളിയൊന്ന് പാറി വരുന്നുണ്ട്
ഓമലാളെ നിന്നിൽ കൂട്ടുകൂടാൻ...
ഓർക്കുവാനൊത്തിരി കിനാക്കളുമായെത്തി
ഓടിക്കളിക്കുമോ മാനസത്തിൽ?
പാടിപ്പതിഞ്ഞൊരു പാട്ടിൻ പാലാഴിയിൽ
പൂവിളിത്തേരേറി വന്നതാണോ?
പാതിരാപ്പൂങ്കോഴി പൂനിലാവെട്ടത്തിൽ
പലവട്ടം കൂവി വിളിച്ചതാണോ?
ആളിപ്പടരുന്ന അഗ്നിശലാകപോൽ
ആത്മാവുരുകിത്തിളച്ചിടുമ്പോൾ
ആവണിത്തെന്നലായോടിയണഞ്ഞു നീ
ആർദ്രമാക്കീടുമോ എൻ നിദ്രയെ?
വരിനെല്ലിൻ ചോലയിൽ ചിരിതൂകും ഹിമകണം
നിന്മിഴിക്കോണിൽ നിന്നടർന്നതാണോ?
നിറകാന്തിയിൽ നീന്തും ചിരകാലചിന്തകൾ
നിർവൃതിപ്പൂക്കളായ് വിടർന്നതാണോ?
വാനിൽ വിരിയുന്ന നക്ഷത്രപ്പൂക്കളെ
പാരിൽ നീ വാരിവിതറിടുമോ?
വാടിത്തളർന്നയെൻ മാനസപുത്രിയെ
വാർത്തിങ്കളെയൊന്ന് വരവേൽക്കുമോ?
നഷ്ടസ്മൃതിയുടെ നാനാർത്ഥങ്ങൾ അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
കഥയും ജീവിതവും രണ്ടല്ല. ജീവിതത്തെ മോടിപ്പിടിപ്പിക്കാനുതകുന്ന ചില പൊടിപ്പും തൊങ്ങലുകളും, ഏങ്കോണുകളും കഥയിൽ കണ്ടെന്നുവരാം. ജീവിതത്തിന്റെ ആഢംബരമായി വേണമെങ്കിലതിനെ വിലയിരുത്താം. അതിനാൽ കഥ ജീവിതത്തിൽ നിന്നും വേറിട്ട് നിൽക്കുന്നന്ന ഉപാധിയല്ല. പുതിയ അറിവുകളും കണ്ടെത്തലുകളാണ് കഥയുടെ കരുത്ത്. ജീവിതവും അതു തന്നെയാണ്.. നിരന്തരമായ അന്വേഷണങ്ങളിലൂടെ കണ്ടെടുക്കുന്ന കരുക്കൾ കഥയിൽ നിരത്തി അതിശയിപ്പിക്കുമ്പോൾ ഇതൊരു നല്ല കഥയാണെന്ന് നാം അനുഭവിക്കുന്നു. അത് ജീവിത യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുമ്പോൾ കഥയും ജീവിതവും ഒന്നു തന്നെയായിത്തീരുന്നു.
ജീവിതത്തിലെ വ്യാകുലതകളും നിഗൂഢതകളും അധികം വളച്ചു കെട്ടുകളില്ലാതെ അനാവരണം ചെയ്യുന്ന പത്തു കഥകളാണ് മണി.കെ.ചെന്താപ്പൂരിന്റെ ‘നഷ്ടപ്പെട്ട എന്തോ ഒന്ന്’ എന്ന കഥാസമാഹാരത്തിൽ കാണാനാവുന്നത്.
ദയാരാഹിത്യം, അസ്ഥിരത, സത്യം, സദാചാരം, അധർമ്മം, അദ്ധ്യാത്മികത, പാപബോധം, അശാന്തി എന്നീ വിശേഷണങ്ങളാണ് ഈ കഥകളിലെ അടിയൊഴുക്കുകൾ.
മനുഷ്യാവസ്ഥയുടെ തീക്ഷ്‌ണാനുഭവങ്ങളും അതിലൂടെ സങ്കീർണ്ണമായിത്തീരുന്ന നിസ്‌സഹായതകളുമാണ് ഇതിലെ മിക്കവാറും കഥകൾക്കും വിഷയമായി ഭവിക്കുന്നത്. വീറുകെട്ട പുരുഷാർത്ഥങ്ങൾക്ക് നേരെ പിടിക്കുന്ന ഏടാകൂടങ്ങൾ നിറഞ്ഞ ഒരു മുഖക്കണ്ണാടി. അതിൽ പ്രതിബിംബിക്കുന്ന വികലമായ പ്രതിഛായകൾ. ജീവിതത്തിന് അടിക്കടി സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയും അതിന്റെ അപചയങ്ങളുമാണ് ഇക്കഥകളുടെയും അന്തർധാരയായിത്തീരുന്നത്.
ഇക്കഥകളിൽ കാണുകയും ജീവിക്കുകയും ചെയ്യുന്ന അനന്തൻ, സദാനന്ദൻ, പ്രശാന്തൻ, ബലരാമൻ എന്നിവരെല്ലാം തന്നെ നമുക്ക് ചുറ്റുമുളളവരാണ്.
സ്വന്തക്കാരും ബന്ധക്കാരും കൈയ്യൊഴിയുന്നന്ന ഒരു സഹജീവിയോടുളള ആത്‌മാർത്ഥമായ പരിചരണമാണ് ‘ഓർമ്മയിൽ ഒരു രാത്രി ’ എന്ന കഥയിലെ പ്രശാന്തനും ശങ്കരൻ നായരും തമ്മിൽ. സ്വന്തമെന്ന പദത്തിനർത്ഥമെന്താണ്?
പ്രേമവും കാമവും വിവശതയും വികാരവും കെട്ടിമറിയുന്ന വന്യതയാണ് അപരിചിതയായ പെൺകുട്ടി, അയാൾ ചോദിക്കുന്നു, വിഷജന്തുക്കൾ എന്നീ കഥകളിലെ പ്രതിപാദ്യ വിഷയം.
ജീവിതം സമ്പുഷ്‌ടമാക്കാനെടുക്കുന്ന ഒരു പോളിസിയുടെ പേരിലനുഭവിക്കുന്ന വിഭ്രാമകമായ പതനത്തിന്റെ കാഴ്‌ചയാണ് ‘ബലരാമന് ശനിദശ തുടങ്ങിയപ്പോൾ’ എന്ന കഥയിൽ കാത്തുവയ്‌ക്കുന്നത്. ‘നിശബ്ദതയുടെ മലമുകളിലെ’ ശിവൻകുട്ടി ജീവിതത്തിന്റെ അനാഥത്വം ആവോളം അനുഭവിച്ചയാളാണ്. വാർദ്ധക്യത്തിലെ ചില ദുരാഗ്രഹങ്ങളാണ് ‘വൃദ്ധക്കനവുകളിൽ’ വിറകൊളളുന്നത്.
ഒരു പറ്റം മനുഷ്യമൃഗങ്ങളാൽ വേട്ടയാടപ്പെടുന്ന സ്‌ത്രീക്ക് നേരെ നോക്കുക്കുത്തിയായി നിൽക്കേണ്ടിവരുന്ന മരവിച്ച ചേതനയുടെ പുരുഷരൂപമാണ് ‘നഷ്ടപ്പെടുന്ന എന്തോ ഒന്ന് ’ എന്ന കഥ. മനുഷ്യമനസുകൾക്കേറ്റ മരവിപ്പിലേക്കാണ്. ഇക്കഥ വിരൽ ചൂണ്ടുന്നത്.
സ്‌ത്രീധനസമ്പ്രദായം സമൂഹത്തെ അർബുദം മാതിരി കാർന്നു തിന്നുന്ന മഹാരോഗമാണിന്ന്. വിവാഹമോടി കല്യാണപ്പെണ്ണിന്റെ സ്വർണ്ണത്തിലാണ് തൂക്കുന്നത്. വിലപ്പെട്ടതെല്ലാം പണയപ്പടുത്തി മകൾക്ക് നേടികൊടുക്കുന്ന പുരുഷ സൗഭാഗ്യത്തെയാണ് ‘പുരോഗമന കാഴ്‌ച’ എന്ന കൊച്ചു കഥയിൽ കാണിച്ചു തരുന്നത്.
ഭാര്യയോടുളള അവജ്ഞയിൽ നിന്നാരംഭിക്കുന്ന ദുർവിചാരങ്ങൾക്ക് എത്രത്തോളം തരം താഴാനാവുമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ‘മൂർഖൻ’ എന്ന കഥയിലെ സദാനന്ദൻ.
സമൂഹനന്മ പ്രത്യാശയുടെ കൈത്തിരിയായി കൊണ്ടുനടക്കുമ്പോഴും അതിന്റെ പൂരണത്തിന് വിലങ്ങുതടിയായിത്തീരുന്ന എത്രയോ കടമ്പകളുണ്ട്. അതിനെ ഒരു നല്ല പരിധിവരെ അതിജീവിക്കാൻ കഴിയുന്നത് കൊണ്ടാണ് മണിയുടെ കഥകൾ വിജയിച്ചു എന്ന് പറയാനാവുന്നത്. എഴുത്തിന് കൊഴുപ്പ് കൂട്ടാനുളള കരുക്കൾ ഈ കഥാകാരന്റെ കൈയ്യിലുണ്ടെന്ന് ഉറപ്പിച്ചു തന്നെ പറയുന്നു ഈ സമാഹാരം.
പ്രവാസികളുടെ ഭൂമിക അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
“പ്രവാസിയെന്നു വിളിച്ചെന്നെ പരിഹസിക്കരുത്. പര്യായം പലതാണിതിന് ”.
ഇരുപതിലേറെ വർഷങ്ങളായി കാനഡയിൽ ജോലി ചെയ്യുന്ന നിർമ്മല “നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി” എന്ന കഥാസമാഹാരത്തിൽ അനുവാചകരോട് എളിമയോടെ ഉണർത്തിക്കുന്ന അപേക്ഷയാണിത്. പിറന്ന മണ്ണിൽ പൊറുക്കാൻ ഭാഗ്യമില്ലാതെപോയ ഒരു മലയാളി എഴുത്തുകാരിയുടെ പരിദേവനങ്ങൾ.
കഥ കരളിലെ അസ്വാസ്ഥ്യങ്ങളുടെ കനലാണ്. അതിനെ ഊതിയും ഉരുക്കിയും പൊന്നാക്കുകയാണ് എഴുത്തുകാര(രി) ന്റെ കടമ. അനുഭവത്തിന്റെ തീഷ്ണതയോടെ ജീവരസം കടലാസുകളിലേയ്‌ക്ക് പകർത്തപ്പെടുമ്പോൾ അതൊരു വായനാസുഖം തരുന്ന കലാസൃഷ്ടിയായി മാറുന്നു. കാരണം ജീവതമാണതിൽ സ്പന്ദിക്കുന്നത്.
നിരന്തരമായ അതിഥി സൽക്കാരങ്ങൾക്കും, ആഘോഷങ്ങൾക്കും പുറമെ ഭർത്താവ്, കുഞ്ഞുങ്ങൾ, ഉദ്യോഗഭാരം, അങ്ങനെ നിരവധി വ്യഥാദികൾക്കിടയിൽ ഉരുകുകയാണ് കഥാകാരി. അവൾ അമ്മയും ഭാര്യയും കൂടിയാവുമ്പോൾ കടമകൾ ഏറുന്നു.
ക്രിസ്‌മസ് ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം. തിളക്കുന്ന മനോവ്യഥകളുടെ മൂർദ്ധന്യാവസ്ഥയിലും അനുചിതമായ സാഹചര്യങ്ങളോട് സമരസപ്പെടുകയും അതിനോട് പൊരുതുകയും ചെയ്യേണ്ടിവരിക ഭാരിച്ച പണി തന്നെയാണ്. അത്തരം ഭാരങ്ങളെല്ലാം ഒരു ചെറുപുഞ്ചിരിയിൽ ചാലിയ്‌ക്കുമ്പോൾ ലേഖിക അനുഭവിക്കുന്ന നിമിഷസുഖം അനുവാചകന്റെ മനസ്സിലേക്കും പകർത്താൻ കഴിയുന്നുണ്ട്. (കഥ - ഡിസംബറിൽ)
കേരളത്തനിമയും മഹിമയും അനുഭവിക്കാനിന്ന് മറുനാടൻ മലയാളികൾക്കിടയിലേക്ക് കടന്നു ചെല്ലണമെന്ന ചിലരുടെയെങ്കിലും ചൊല്ലുകളിൽ പരമാർത്ഥത്തിന്റെ പൊള്ളുന്ന പൊരുളുണ്ട്.
ഉത്തരയമേരിക്കയിലെ മലയാളികളുടെ വീട്ടുമുറ്റങ്ങൾ അലങ്കാര വസ്‌തുവായി മാറുന്ന കാഴ്‌ചയാണ് ‘കറിവേപ്പ് പഠിപ്പിച്ചത്’ എന്ന മനോഹരമായ കഥയിലൂടെ കാണിച്ചു തരുന്നത്. കുടുംബസമേതം അത്താഴ സൽക്കാരത്തിന് (സപ്പർ) വിളിക്കുന്ന പതിവ് പരിപാടികളിൽ കഥാകാരിയ്‌ക്കും ഭാഗഭാക്കാവേണ്ടിവരുന്നു. വിഭവങ്ങളെല്ലാം തയ്യാറായിക്കഴിഞ്ഞു. വീട് അതിഥികൾക്ക് പുകഴ്‌ത്താനായി അലങ്കരിക്കപ്പെട്ടു. കറിവേപ്പിന്റെ ഫോട്ടോ മേശപ്പുറത്ത് അതിഥികളെ കാക്കുകയാണ്. ചിത്രത്തിലെ ചെറിയ കറിവേപ്പ് ചെടിയും വളർന്നു പന്തലിച്ച ചെറുമരത്തേയും കാണിച്ച് പ്രസംഗിക്കുവാൻ ഇനിയും ഒരുപാടുണ്ട്.
മലയാളിയുടെ പ്രവാസ ജീവിത വ്യവസ്ഥയെയും സംസ്‌ക്കാരത്തെയും സമന്വയിപ്പിക്കുന്ന അസുലഭ മുഹൂർത്തങ്ങൾ നിർമ്മലയുടെ മിക്ക കഥകളിലും ഒളിമിന്നി നിൽക്കുന്നുണ്ട്. അതൊരു യാദൃശ്ചികമായ മുഹൂർത്തം സൃഷ്ടിക്കലല്ല. മറിച്ച് താൻ ജീവിക്കാൻ തെരഞ്ഞെടുത്ത ജീവിത മേഖലയുടെ ചിത്രങ്ങൾ അനാവരണം ചെയ്യപ്പെടാൻ നിർബന്ധിതയായിത്തീരുകയാണ്. ആ കഥാകഥനം അനുവാചകനെ ഒട്ടും വിരസമാക്കുന്നില്ല.
കൊടുക്കുന്നതിലേറെ എടുത്തുകൊണ്ട്, നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി, വിതുമ്പുന്ന വൃക്ഷം എന്നീ കഥകളിൽ പരിപാലിക്കപ്പെടുന്ന ജീവിതതലങ്ങളുടെ പിരിമുറുക്കം മനസ്സിൽ ഒരു നീറ്റലായെന്നും നിലനിൽക്കുന്നുണ്ട്.
ഭർത്താവ് കഴിവു കെട്ടവനായാലും ഭാര്യ അവനുമായി തന്റെ ജീവിതം വീതിക്കപ്പെട്ടേ മതിയാവൂ. അത് സാമൂഹ്യനീതിയാണ്. അവിടെയും ബലിയാടായിത്തീരുക ഭാര്യയാണ്. സർവ്വവും സഹിക്കേണ്ടിവരുന്നവളാണ് സ്‌ത്രീ.
വീടെല്ലാവരുടേയും സ്വപ്നസൗധമാണ് (വിതുമ്പുന്ന വൃക്ഷം). ആശങ്കാകുലയായ ഒരു പെൺമനസിന്റെ ചാപല്യങ്ങളാണ് ‘മനശ്ശാസ്‌ത്രജ്ഞനൊരു കത്ത്’ എന്ന കഥ.
അമേരിക്ക-ഇറാഖ് യുദ്ധക്കെടുതിയുടെ കത്തുന്ന ചിത്രമാണ് ‘അബു ഗ്രാഇബ്ബ്. അമേരിക്കയുടെ ആധിപത്യത്തിന്റെ കഥ. ’മറൈൻ ഡ്രൈവിൽ അമേരിക്കൻ പട്ടാളക്കാരുടെ ഒരു കൂട്ടം വന്നിറങ്ങി. കോളേജുകളെല്ലാം അടഞ്ഞു കിടക്കുന്നു. അവിടുത്തെ ത്രസിപ്പിക്കുന്ന കുട്ടികളെയൊന്നും കാണാനില്ല. കപ്പലണ്ടി വച്ച ഭരണികൾ ഉടച്ച് ആർത്തു ചിരിക്കുകയാണ് അമേരിക്കൻ പട്ടാളം“. യുദ്ധക്കെടുതിയുടെ കത്തുന്ന മുഖമാണിവിടെ ആളിപ്പടരുന്നത്.
വെന്റിലേറ്ററിൽ അവസാന നിമിഷം എണ്ണിക്കഴിയുന്ന അമ്മയുടെ ശ്വാസവായു തടയാൻ അനുവാദം കൊടുക്കേണ്ടിവരിക വല്ലാത്തൊരു നൊമ്പരമാണ്. അങ്ങനെ വിമ്മിട്ടപ്പെടുന്ന ഒരു മകനെയാണ് ‘ചില തീരുമാനങ്ങൾ’ എന്ന കഥയിൽ കാണാനാവുന്നത്.
നിർമ്മലയുടെ കഥകൾ അവയുടെ ജീവിതം കണ്ടെത്തുന്ന സ്ഥലങ്ങൾ, ഭാഷ, ഭാവന, കണ്ടുമുട്ടുന്ന ഏറ്റവും പുതിയ മേച്ചിൽപ്പുറങ്ങൾ അങ്ങനെ എല്ലാറ്റിലും അനന്യത കൈവരിക്കുന്നുണ്ട്. ജീവിതത്തിന് കഥയെ തിരയുന്ന എക്കാലത്തേയും അലച്ചിൽ എല്ലാ കഥാകൃത്തുക്കളുടേയും തലവര പോലെ നിർമ്മലയേയും ഗ്രസിക്കുന്നുണ്ട്. പല കഥകളിലും പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്ന ഭൗതിക ലോകം മലയാളത്തിന്റെ തനിയാവർത്തനമായി മാറാതെ വ്യതിരിക്തമാക്കിത്തീർക്കുന്നുണ്ട് നിർമ്മലയുടെ കഥകളിൽ.
നിർമ്മലയുടെ കഥകളെക്കുറിച്ചുള്ള കരുണാകരന്റെ പഠനം ഈ സമാഹാരത്തിലെ കഥകളുടെ ആഴങ്ങൾ കണ്ടെത്താൻ ഉപകരിക്കുന്നവയാണ്.
ഡിസംബറിൽ, കറിവേപ്പ് പഠിപ്പിച്ചത്, കൊടുക്കുന്നതിലേറെ എടുത്തുകൊണ്ട്, വെണ്ടയ്‌ക്കത്തോരൻ, അബുഗ്രാഇബ്, നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി, വിതുമ്പുന്ന വൃക്ഷം, മനശ്ശാസ്‌ത്രജ്ഞനൊരു കത്ത്, ചില തീരുമാനങ്ങൾ, നഷ്ടപ്പെടുന്നവർ എന്നിങ്ങനെ പത്തുകഥകളാണ് ഈ സമാഹാരത്തിലുള്ളത്.
നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി (കഥകൾ)
നിർമ്മല
കറന്റ് ബുക്‌സ്,
വില ഃ 40 രൂപ
ഓണമാണ് പോലും ...? അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
ഒരു കരിവണ്ട് മുരളുന്നുണ്ട്
കാതിൽ പൂവിൽ കുന്നിൻചെരിവിൽ
കാട്ടുപൂഞ്ചോലയിൽ കനവിൽ
പണ്ടിവിടം കൊടൂംകാടായിരുന്നു
ഇന്നോ നഗരം മഹാനഗരം
സിമന്റു കൊട്ടാരങ്ങളാൽ നിബിഢം
ചുണ്ടിലൊരു മൂളിപ്പാട്ട് വിരിയുന്നുണ്ട്
ഒരു പൂവിളി പാടാനൊരുങ്ങുമ്പോൾ
നൂറുനൂറായിരം വികാരങ്ങളാൽ വിങ്ങിപ്പൊട്ടുന്നുണ്ട്
ചുറ്റും പൂപ്പൊലി പൂക്കുട ചോണനുറുമ്പിന്നോർമ്മ
നിത്യവും പേറുന്നുണ്ടൊരു നീറ്റൽ
ഈറൻ കാറ്റിൻ തേങ്ങൽ
പ്രണയപ്പനിപോൽ വിറച്ചു തുളളുന്നുണ്ടുള്ളിൽ
ഗ്രാമനന്‌മയില്ല കാടി.ല്ല പടലില്ല
ഇന്നെല്ലാം സുഖസാന്ദ്രം സുലഭം
അംബരചുംബികളായ
കോൺക്രീറ്റ് കൂടാരങ്ങളാലലംകൃതം
ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണെവിടെ?
ഗ്രാമക്കൂട്ടായ്‌മകൾക്ക് തീപ്പിടിപ്പിച്ച
പീടികക്കോലായകളെവിടെ?
അച്ഛനേം അമ്മേം സുലഭമായി വാങ്ങാൻ കിട്ടുന്ന
പോസ്‌റ്റ് മോഡേൺ കെട്ടിട സമുച്ചയങ്ങളാണിന്നനവരതം
പ്ലാസ്റ്റി്ക്ക് പൂക്കൾ പേപ്പർവാഴയില
ചാനലുകളിൽ പൊന്നോണപ്പൊടിപൂരം
ഓണമിന്ന് ഇൻസ്‌റ്റന്റായി അളന്നുതൂക്കി വിൽക്കുന്ന
വെറുമൊരു ഉപഭോഗവസ്‌തു...
നഗരഭ്രങ്ങളുടെ പെരുമയിൽ
കാണം വിറ്റോണമുണ്ട കാലം മറന്നു നാം
ഓണപ്പുടവയുടുത്ത
ഗ്രാമപ്പെൺകൊടിയെ മറന്നു നാം
അതിനാലായിരിക്കണം
ചിങ്ങം വന്നതും പോയതുമറിഞ്ഞില്ല
ഓണം വന്നോ? പോയോ?
മഴനീർക്കനവുകൾ അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
കഥ
“ഇപ്രാവശ്യം കാലവർഷം തകർത്തു...”
സ്വനാട്ടിലെത്തിയതിന്റെ ആദ്യാഹ്ലാദം മഴരൂപത്തിലാണ് ആ വൃദ്ധദമ്പതികൾ പങ്കുവെച്ചത്.
“നിനക്കോർമ്മയുണ്ടോ.. പണ്ടൊക്കെ സ്‌കൂൾ തുറക്കുന്നതും കാലവർഷം തുടങ്ങുന്നതും ഒരുമിച്ചാണ്...പുത്തനുടുപ്പും ഓലക്കുടേം ചൂടി വിസ്‌മയവരമ്പത്തൂടെ നനഞ്ഞൊലിച്ച്...”
മഴയും നോക്കി അവരിവരും ഉമ്മറത്തിരുന്നു. മഴയുടെ പനിനീർച്ചില്ലുകൾ ഇടയ്‌ക്കിടെ അവരുടെ ദേഹമാസകലം പൂശിക്കൊടുത്തുകൊണ്ടിരുന്നു.
നോക്കിയിരിക്കെ, ഓർമ്മയുടെ സംഭരണികൾ ഓരോന്നായി കരകവിയാൻ തുടങ്ങി.
നീണ്ട മുപ്പത്തൊമ്പത് വർഷത്തെ പ്രവാസത്തിന് ശേഷം നാലഞ്ച് മാസം മുമ്പാണവർ സ്വനാട്ടിൽ വീണ്ടും സ്ഥിരതാമസത്തിനെത്തുന്നത്. അതിനുശേഷമുളള ആദ്യത്തെ കാലവർഷവും.
വൃദ്ധരായിരിക്കുന്നു. പതിനെട്ടാമത്തെ വയസ്സിൽ നാടുവിടും മുമ്പ് കണ്ട കൗതുകക്കാഴ്‌ചകൾ പലതിനും മാറ്റം വന്നിരുന്നു. എന്നാൽ, മനസ്സിൽ മായാതെ സൂക്ഷിക്കുന്ന ചില ഓർമ്മകൾ ഓരോന്നായി വിരുന്നുകാരെപ്പോലെ മുന്നിൽ വന്നുനിന്നു, തികച്ചും നൂതനമായി.
“നീ വര്‌ന്നോ നാളെ എന്റെ കൂടെ... ഒരിടം വരെ പോകാനുണ്ട്.”
“അതിന് നിങ്ങക്കിപ്പം ഇവിടുത്തെ മാറിയ വഴികളറിയോ...”
അവർ അയാളെ കളിയാക്കി ചിരിച്ചു.
“അമ്പലത്തിലേക്കാണെങ്കിൽ ഞാനുമുണ്ട്. ഒരു വഴിപാട് കഴിക്കാനുണ്ട്.”
“പോകുന്ന സ്ഥലം മാത്രം പറയൂലാ. അതൊരു ബിഗ് സർപ്രൈസാ.. നീ വര്‌ന്നെങ്കി വാ...”
അയാളും വിട്ടില്ല.
“കൊച്ചുകുട്ടിയാണെന്നാ ഇപ്പഴും വിചാരം.. വയസ്സ് അറുപത്തിനാലായി... എന്നിട്ടും നിന്ന് ചിണുങ്ങുന്നത് കണ്ടില്ലേ..”
ഭാനുമതിയമ്മ പരിഭവിച്ചു.
“നിന്റെ വയസ്സെന്തിനാ മറച്ചു പിടിക്ക്‌ന്ന്.... നിനക്കുമായി മധുര അമ്പത്തേഴ്..!”
ഞങ്ങളെ സംബന്ധിച്ച് ബാല്യകാലം തിരിച്ചു കിട്ടിയത് മാതിരിയാണ്. കളികൂട്ടുകാരിയെ തന്നെ പിൽക്കാലത്ത് പ്രിയസഖിയാക്കാൻ കഴിഞ്ഞു. സഫലമീയാത്ര...
ഒടിഞ്ഞുതൂങ്ങി നിന്ന പഴയ തറവാട് പുതിയ രീതിയിൽ ഉടച്ചുവാർത്ത്, വൃദ്ധസദനമെന്നതിന് പേരിട്ടു.
പുതിയ തലമുറയവരെ തിരിച്ചറിയാൻ കൂട്ടാക്കിയില്ല. കുടിയേറ്റക്കാർ... ചിലർ പുച്ഛിച്ചു. മറ്റ് ചിലർ ഒരു ദൂരമെന്നും കാത്തു സൂക്ഷിച്ചു; അവർ തമ്മിൽ.
നാട്ടിലെ കാറ്റും കുളിരും വേഗം തിരിച്ചറിഞ്ഞു, അവരെ.
“ഇത്രേം കാലം എവ്‌ടാര്‌ന്നു..?”
കാറ്റ് മെല്ലെ കിന്നാരം ചോദിച്ചു.
“പുറനാട്ടിലായിരുന്നപ്പോഴും വിചാരം മുഴുവൻ ഇവ്‌ടാര്‌ന്നല്ലെ... ഞങ്ങളെയൊക്കെ കാണാൻ വീണ്ടും വന്നല്ലോ...മതി...നഷ്‌ടപ്പെട്ടതൊക്കെ നമുക്കിനീം തിരിച്ചുപിടിക്കണം... വല്ലപ്പോഴും നാട്ടിൽ വന്ന് പോകുമ്പോൾ ഞങ്ങളെ മൈൻഡ് ചെയ്യാതിരുന്നതെന്താ..?”
മഴ കാതിൽ ചൂളമിട്ടു. പരിഭവിച്ചു.
“ഞങ്ങളുടെ മക്കൾക്കൊന്നും നാടും വീടും വേണ്ടെടോ. അവർക്കിവിടെ വന്നാൽ ശ്വാസം മുട്ടും... ഞങ്ങളെ അവരുടെ കൂടെ ചെല്ലാൻ കുറെ വിളിച്ചു. പോയില്ല. പോവാൻ തോന്നിയില്ല. ഇനിയുളള കാലം നിങ്ങളോടൊപ്പമിവിടെ... സ്വന്തം നാട്ടിൽ അടിച്ചുപൊളിക്കാൻ വിചാരിച്ചു. ഞങ്ങൾ മുമ്പ് ലീവിൽ വന്നത് അതിഥികളെ പോലല്ലെ..” അവരും പ്രകൃതിയോട് കുശലം നടത്തി.
പഴമ്പുരാണങ്ങൾ ഓരോന്നയവിറക്കി കിടക്കാൻ ഏറെ വൈകിയിരുന്നു.
കാലത്ത് എഴുന്നേറ്റ് നോക്കിയപ്പം കിടന്നിടത്താളില്ല.
മധുരമില്ലാത്ത ചായയുമായി വന്ന് തൊട്ട് വിളിക്കുമ്പോഴാണ് സാധാരണ എഴുന്നേൽക്കാറാണ് പതിവ്.
എങ്ങോട്ട് പോയതാര്‌ക്കും? ഒരെത്തും പിടിയും കിട്ടുന്നില്ല. അതും കോരിച്ചൊരിയുന്ന മഴയത്ത്... പുറത്തിറങ്ങാനും പ്രയാസമാണ്.
പരിസരമാകെ പരതി നോക്കി. ഒരിടത്തുമില്ല.
അവസാനം, അലമാരയിൽ തപ്പിയപ്പോൾ പുത്തനുടുപ്പും കുടയുമവിടില്ല. ബാഗും കാണാനില്ല.
കഴിഞ്ഞ ദിവസം ടൗണിൽ പോയപ്പം നിർബന്ധിച്ച് വാങ്ങിച്ചതായിരുന്നു ആ ഉരുപ്പടികളൊക്കെ. തന്നെ വിട്ട് പോയതാണോ? നാട് മടുത്തോ? ഭാനുമതിയമ്മയുടെയുളളിൽ വേവലാതിയോടൊപ്പം ഒരു കുസൃതിച്ചിരിയുടെ കൊളളിയാൻ മിന്നിമറഞ്ഞു.
പുറത്ത് ഒരു തകർപ്പൻ മഴക്കുളള തയ്യാറെടുപ്പാണ്. മാനം കരിങ്കാട് പോലായി. തണുത്ത ഒരു കാറ്റ് വീശിയതും തുളളിക്കൊരു കുടം വീണു. നിമിഷങ്ങൾക്കകം പാടം പുഴ പോലായി.
ആ പുഴവരമ്പ് നീന്തി ആരോ വരുന്നുണ്ടോ? അവർ കണ്ണിന്മേൽ മറപിടിച്ച് വിസ്‌മയത്തോടെ താണും ചെരിഞ്ഞും നോക്കി. വെറുതെ തോന്നിയതായിരിക്കും. വയസ്സാവുമ്പം വിചാരങ്ങളുടെ വേലിയേറ്റങ്ങളേറും. ഈയിടെയായി ചില നിഴലുകൾ കൂടെ നടക്കുന്നുണ്ടെന്ന തോന്നലാണ് ഏത് നേരവും. വിടാതെ ആരോ കൂടെയുണ്ട്.
“ഇവിടാരുമില്ലേ?”
മനസ്സിലെ ഉൽക്കണ്‌ഠയെ മാടിയൊതുക്കി ഭാനുമതിയമ്മ മഴയുടെ മൂടാപ്പിലൂടെ പകച്ചു നോക്കി. മുന്നിലൊരു മഴക്കോലം വന്ന് നിൽക്കുകയാണ്, ഓണവേടനെപ്പോലെ... പേടിച്ചുപോയി.
“എന്റീശ്വരാ...”
അവർ മൂക്കത്ത് വിരൽ വച്ചു.
“നമ്മുടെ സ്‌കൂൾ തുറന്നപ്പം തൊട്ട് ആലോചിക്കുന്നതാ... കുട്ടികളുടെ ആഹ്ലാദോത്സവമൊന്ന് ചെന്ന് കാണണമെന്ന്. ഓ, എന്തൊരു മഴ... ഒപ്പം അല്പം മഴേം സംഭരിക്കാലോ... കുശാലായിപ്പം...”
അയാൾ കൊച്ചുകുട്ടിയെപ്പോലെ മുറ്റത്ത് നിന്ന് ചിണുങ്ങി.
“വേഗം കയറി വന്ന് തലതോർത്ത്... വെറുതെ പനിച്ച് കിടക്കണ്ടാ...നൂറുകൂട്ടം രോഗങ്ങളുളള മനുഷനാ ചെറ്യ കുട്ട്യേപ്പോലിങ്ങനെ...”
നനഞ്ഞു വിറച്ചു നിൽക്കുന്ന ഭർത്താവിനെ കാണുന്തോറും ഭാനുമതിയമ്മയുടെയുളളിൽ സങ്കടം കരകവിഞ്ഞു.
“തല തോർത്താനോ... നിനക്കറിയൂലെ കേരളത്തിൽ വന്ന പുതിയ നിയമം... ഞാൻ സ്വയമൊരു മഴ സംഭരണിയായതാ... മഴവെളള ശേഖരണം...”
അവർ വിശ്വാസം വരാതെ പിറുപിറുത്തു.
“എന്തായാലും നിങ്ങൾ ഈ ചെയ്‌തതൊട്ടും ശരിയായില്ല. ഇങ്ങനാണെന്നറിഞ്ഞിരുന്നെങ്കിൽ ഞാനും വരുവാര്‌ന്നു കൂടെ... ശ്ശേ, എന്നെ പറ്റിച്ചൂലോ..”
ഭാനുമതിയമ്മ തോർത്തുമായെത്തുമ്പോൾ ഗദ്‌ഗദം തൊണ്ടയിലൊതുക്കാൻ ഒരു ശ്രമം നടത്തിനോക്കി.
“അടുത്ത വർഷംവരെ ജീവിക്ക്വാണെങ്കിൽ എന്നേം കൂട്ടണേ നമ്മുടെ പഴയ മഴക്കാല സ്‌കൂൾ കാണാൻ.... ഇപ്പം വല്ലാത്ത കൊതി തോന്നുന്നു. അടുത്ത മഴവരെ നിൽക്ക്വോന്നിപ്പം എന്താ ഒരൊറപ്പ്.”
അതുകേട്ട് വിങ്ങിപ്പൊട്ടിപ്പോകാതിരിക്കാൻ അയാൾ മഴയിലേക്ക് ഷർട്ടൂരി പിഴിയുമ്പോൾ, വികാരങ്ങൾ ഓരോന്നായി ഉരുൾ പൊട്ടുകയും കൗമാരക്കനവിലെ ജലസംഭരണികൾ കരകവിയാൻ തുടങ്ങുകയും ചെയ്‌തു. ഇരുവരുടെ കണ്ണിലും കരളിലും.
മധുരത്തിരുവോണം അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
മനസ്സിന്റെ മണിമുറ്റം അണിയിച്ചൊരുക്കുന്ന
മധുരോദാരമാം തിരുവോണമേ...
മാരിവിൽ ചേലുമായ്
മയിൽപ്പീലി ചിറകുമായ്
മാണിക്യത്തേരേറും തിരുവോണമേ...
കേദാരഭൂവിൻ വരദാനമായ നീ
മന്ദാരമലരായ് വിളങ്ങീടുമ്പോൾ....
കരളിലൊഴുകുന്ന അനുരാഗലഹരിയിൽ
മരാളികയായ് നീരാടുമോ...?
ഹരിതക വീഥിയിൽ വിളയാടി നിന്ന നീ
മരതക മണിയായ് തിളങ്ങീടുമ്പോൾ
അരയന്ന നടയോടെ അരികിലണഞ്ഞീടിൽ
അകതാരിൽ വിടർന്നീടും മലർവാടികൾ...!
വിശക്കുന്ന വാക്കുകൾ അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
വിശന്നു പൊരിയുന്ന നേരത്ത്
കവി വായനശാലയെ ഭുജിയ്‌ക്കുന്നത്
അക്ഷരങ്ങളുടെ
വിശപ്പകറ്റാനാണ്.
നാലു കാശിന് വകയില്ലാത്തവൻ
കണ്ണാടിക്കൂട്ടിലിട്ട് കൊതിപ്പിക്കുന്ന
എണ്ണപ്പലഹാരങ്ങളെക്കുറിച്ച്
പത്തു പുറത്തിൽ കവിയാതെ
കവിത ചമച്ചാൽ
അതിനലങ്കാരമുണ്ട്.
വിശപ്പിന്റെ മൂർത്ത ഭാവമറിഞ്ഞ
കവിയ്‌ക്കൊരിക്കലും
ഭക്ഷണം ഒരു ദൗർബല്യമല്ല
ജീവൻ നിലനിർത്താനുള്ള
ഉപാധി മാത്രം.
ഗതി കെട്ടാൽ പുലി പുല്ല്
തിന്നുമെന്ന ചൊല്ല് പോലെ
കവി
തൂലികത്തുമ്പിൽ ജീവനൊടുക്കി
എന്നറിയുമ്പോഴാണ്
വായനക്കാരാൽ ഏറെ
ആകർഷിക്കപ്പെടുന്നത്;
ആദരിക്കപ്പെടുന്നത്.
ക്രിക്കറ്റ് മാനിയ അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
ഊടു വഴികളിൽ
ചാവാലി പട്ടികളെ
കല്ലെറിഞ്ഞു പരിശീലിച്ച
എനിക്കു നല്ലൊരു
ക്രിക്കറ്ററാവാനായിരുന്നു മോഹം.
എങ്കിൽ,
നാനൂറ് കോടികളുടെ ആസ്തി
നാൽപ്പതു കോടിയുടെ ഫ്ലാറ്റ്
കറൻസികളുടെ
തലയിണയിൽ ചാരി
ഇംപാലാക്കാറിൽ
ഇരമ്പിപ്പായുമ്പോൾ
നിങ്ങളിൽ സാധാരണക്കാരായ
കാണികളെക്കുറിച്ച് ഇങ്ങനൊരു
ദിവാസ്വപ്നം
നുണയാനാവുമായിരുന്നില്ല.
മണ്ഡരിക്കാലത്തെ
തെങ്ങേറ്റക്കാരനായിരുന്നു
ഞങ്ങളുടച്ഛൻ.
ഒരു ഹാഫ് സെഞ്ച്വറി
തികയ്‌ക്കും മുമ്പ് ആ പാവം
റണ്ണൗട്ടായി പോയി....
ലൈഫ് പാർട്‌ണറായ അമ്മ
ഇരുപതോവറിൽ നിന്നും നേടിയത്
വെറും പത്ത് റൺസ്...!
ക്രിക്കറ്റ്
ഭാഗ്യ നിർഭാഗ്യങ്ങളുടെ
കളിയാണെന്നറിഞ്ഞിട്ടും
മക്കൾക്ക് ലോകോത്തര
ക്രിക്കറ്റേഴ്‌സിന്റെ
നാമധേയം നൽകി
അമ്മ സായൂജ്യമടഞ്ഞു.
‘ക്രിക്കറ്ററുടെ
പേരുണ്ടാഞ്ഞിട്ടും
എനിക്കെന്താണമ്മേ
യൂവിയോ ശ്രീശാന്തോ
ആവാൻ കഴിയാഞ്ഞത്...?
’കോരനെന്നും
കുമ്പിളിലാണ് മോനേ...
കഞ്ഞി...‘
കുടുംബ സുകൃതം
മുങ്ങിക്കുളിച്ചാലും
മാറിക്കിട്ടാത്ത
മഹാ വിപത്താണ്...!
ഹേ റാം! അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
ഗാന്ധിജിയുടെ ശവക്കല്ലറയിൽ
മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോഴാണ്
ഒരു പാണ്ടൻനായ വന്നെന്റെ
കാലിൽ നക്കിയത്!
“നായ അനുസരണയുള്ള
വളർത്തു മൃഗമാണെങ്കിലും
ചില വിശ്വാസങ്ങൾക്കത് വിലക്കാണ്!”
“ഹരാം സലേ, നീയെന്താണ്
മഹാത്മജിയോട് സ്വകാര്യം പറഞ്ഞത്?”
അംഗരക്ഷകർ വളഞ്ഞു കഴിഞ്ഞു.
“ഹുജൂർ, ഞാനൊരു തികഞ്ഞ
ഗാന്ധീയനും ഭാരതീയനുമാണ്...!”
കഴുകക്കണ്ണുകൾ ചുറ്റും വട്ടമിട്ടു.
“വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും
അസുരക്ഷിത നിഴലിലിരുന്നുകൊണ്ട്
അസമാധാനത്തെക്കുറിച്ചുള്ള ജല്പനങ്ങൾ
സുഖകരമായ ഒരു സുവിശേഷ കലാപരിപാടിയല്ല!”
ഖാദിയുടുപ്പിലെ ദുർബ്ബല ഹൃദയം മുരണ്ടു.
ശേഷം -
ഉടുവസ്ര്തമഴിച്ചുള്ള വിശദപരിശോധനകൾ...
അഴികൾക്കുള്ളിലെ അനേകം പീഡനമുറകൾ...
“ഹേ മഹാത്മാവേ, ഞാൻ അങ്ങയുടെ
സ്തുതിപാഠകനാവുന്നതും;
എന്റെ നാവുകൾ നിന്റെ മന്ത്രം മാത്രം
ഉരുക്കഴിക്കുന്നതുമിവർ
അവിശ്വസിയ്‌ക്കുന്നതെന്തിന്...?”
പെരുമഴയത്ത് അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
കടുംചായയുടെ
നിറമായിരുന്നു
പെയ്‌തൊഴിഞ്ഞ
മഴയോളത്തിന്....
പാടവും പാതകളും
തോടായി .....
കൂരയെ നക്കിത്തുടയ്‌ക്കാൻ
പെരുമഴയിപ്പം
നടുമുററത്തേക്കു കേറി വരും....
ചക്ക, കൊട്ടത്തേങ്ങ, ഒഴുക്കിനെതിരെ
നീന്താനൊരുങ്ങുന്ന ഒരു നീർക്കോലി,
ചപ്പ്, ചവറ്,
ചത്തു മലച്ചൊരു പോത്ത്....
കുത്തൊഴുക്കിൽ
ഇവയൊക്കെ
വെറും കാഴ്‌ചകളായി...
ആർത്തിരമ്പുന്ന
തിരമടക്കിൽ
ആടിയുലഞ്ഞതേതു
മനുഷ്യക്കയ്യ്....?
നാലുദിവസമായി
നിർത്താതെ ഒരുങ്ങുകയാണ്
മഴയരങ്ങ്....
ഇരതേടിപ്പോയ
തളളപ്പൂച്ച
ഇതുവരേക്കും
തിരിച്ചു വന്നിട്ടില്ല....
പത്തുംതികഞ്ഞു നിൽക്കുന്ന
കെട്ടിയോളുടെ
പേററുനോവിന്
അകമ്പടി പേറാൻ
ഞാനെന്റെ
കണ്ണിൽ ശേഷിച്ച
പെരുമഴയെ
കാത്തുവയ്‌ക്കുന്നു...
വിഷുക്കണിക്കനവ് അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
ജനുവരിയിൽ
നാട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ടുഃ
റോഡുവക്കിൽ
കണിക്കൊന്നകൾ
പൂത്തുലഞ്ഞു ചിരിയ്‌ക്കുന്നു !
“ഇപ്പൊഴേ ഇങ്ങനെ വിരിഞ്ഞുലഞ്ഞാൽ
നിങ്ങൾ വിഷുക്കണിക്കെന്തു തരും ? ”
പൂക്കളോട് ഞാൻ കിന്നരിച്ചു ഃ
ചിരിച്ചതേയുളളൂ, ഒന്നും മിണ്ടിയില്ല.
കാലത്തിനും നല്ലോണം
മനസ്സിലായിക്കാണണം
ലോകത്തിന്റെ കാപട്യക്കളി.
മാലോകർക്കിന്ന് കാണേണ്ടത്
വിഷുക്കണിയല്ല;
പരസ്‌പരം വിഷം ചീററുന്ന കളിയാണ്
ഗാന്ധിജിയുണ്ടായിരുന്നെങ്കിൽ..... അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
കവിത
ഖദറിൽ കഞ്ഞി മുക്കി
അലക്കിത്തേച്ച പാളത്താറുടുത്ത്,
തലയിൽ തൊപ്പിവച്ചിട്ടും
പത്രാസില്ലാത്ത ഗാന്ധിയനെന്ന് മേനിനടിക്കാനേ നമുക്ക് കഴിഞ്ഞുളളൂ...
ഉടുവസ്‌ത്രമില്ലാത്തവന് ഉടുതുണി പകുത്ത് നൽകി
ഉറയൂരുന്ന രാപ്പകലുകളിൽ ഊണുമുറക്കവുമുപേക്ഷിച്ച്
ഗാന്ധിജി നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ
ജിവവായുവാണ് നാമിന്നും
സുഖലോലുപരായി മോന്തുന്നത് !
എളിമയിലൂടെ മഹിമ
എന്തെന്നനുഭവിപ്പിച്ച
മഹാനുഭാവൻ !
നഗര മദ്ധ്യത്തിൽ,
നാൽക്കവലയിൽ,
നോക്കെത്താദുരത്തേക്ക് കണ്ണുംനട്ട്
തലയുയർത്തി (ലജജിച്ചിട്ടും) ജീവനോടെ
തന്നെയാണിന്നും ഗാന്ധിജിയുടെ
ആ നിൽപ്പ് ......
മോടിയുളള വസ്‌ത്രമണിഞ്ഞ് മേനിമറച്ചിട്ടും
ജീവച്‌ഛവങ്ങളും, പൂർണ്ണനഗ്‌നരുമായ
നമ്മെനോക്കി
നിർവ്വികാരനായി......നിരാലംബനായി......
നുറുങ്ങുകൾ അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
കവിത
അവസ്ഥാന്തരം
അച്ഛൻ....,
സ്വാതന്ത്ര്യത്തിന്
വേണ്ടി വാദിച്ച്
വീരമൃത്യു വരിച്ച
ധീരദേശാഭിമാനി്...!
മകൻ....,
മാതൃഭൂമിയെ
സേവിച്ച്
കോടികൾ
കൊയ്യുന്ന
ഘോരവ്യവസായി...!!
മാനസാന്തരം
മുല്ലപ്പൂമണമേറ്റ്
മുഖം തിരിച്ചപ്പോൾ
കവിളിൽ കള്ളച്ചിരി കണ്ടു;
കടക്കണ്ണിൽ കത്തുന്ന
കാമവെറിയും...!
കാലത്തിന്റെ മൂടാപ്പിലൂടെ
നൊടിയിട കൊണ്ട്
പിറവിയുടെ താവഴി
താണ്ടി വന്നപ്പോൾ
ചുറ്റിലും മുലപ്പാൽ ഗന്ധം പരന്നു...!!
നിമിത്തങ്ങളും നിയോഗങ്ങളും അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
ജീവിത വഴികളെ നിയന്ത്രിക്കുന്നത് ചില നിമിത്തങ്ങളും നിയോഗങ്ങളുമാണ്. നിത്യ ജീവിതത്തിൽ നടമാടുന്ന നഗ്നസത്യങ്ങളുടെ വിളംബരമാണ് മണി കെ. ചെന്താപ്പൂരിന്റെ നാല്‌പത്തിനാല് ലേഖനങ്ങളുടെ സമാഹരമായ ‘നിയോഗിയുടെ നേർവരകൾ’ സാക്ഷ്യപ്പെടുത്തുന്നത്.
കാര്യങ്ങൾ വളച്ചൊടിക്കാതെ അവതരിപ്പിയ്‌ക്കാനുള്ള കഴിവും തദ്വാര അനുവാചകന്റെ അഭിരുചിക്കനുസൃതമായി വിഷയങ്ങളെ പാകപ്പെടുത്തിയെടുക്കാനുമുള്ള അനന്യമായ മിടുക്കുമുണ്ട് ഈ എഴുത്തുകാരന്.
സമകാലീന ജീവിതയാഥാർത്ഥ്യങ്ങളെ അത്യപൂർവ്വമായ ഉൾക്കാഴ്‌ചയോടെ വീക്ഷിച്ച് അവ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ വായനക്കാരന് പകർന്നു നൽകുന്ന കർമ്മം എഴുത്ത് തൊഴിലായി സ്വീകരിച്ചവന്റെ വിജയസാദ്ധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.
കൊല്ലത്തു നിന്നും പ്രസിദ്ധീകരിക്കാുന്ന ഗ്രാമം മാസികയുടെ പത്രാധിപരും നാളെ ബുക്‌സിന്റെ പ്രസാധകനും കൂടിയാണ് മണി. ഗ്രാമം മാസികയിലും അന്യേതര പ്രസിദ്ധീകരണങ്ങളിലും പലപ്പോഴായി വെളിച്ചം കണ്ടവയാണീ കൃതിയിലെ രചനകൾ.
പിരിമുറുക്കം അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളിൽ യാതൊരു ഗത്യന്തരവുമില്ലാതെ എഴുതേണ്ടി വന്ന ആത്മരോദനങ്ങൾ. അടങ്ങാത്ത നിലവിളികളുടെയും പൊറുതിമുട്ടലുകളുടെയും ബഹിർസ്‌ഫുരണങ്ങൾ. ലേഖനകാരന്റെ നർമ്മബോധം വായനയുടെ പിരിമുറക്കത്തെ ലഘൂകരിക്കുന്നുണ്ട്. പലരും പുറത്തുപറയാൻ മടിക്കുകയും പാടുപെടുകയും ചെയ്യുമ്പോൾ മണി പരമാർത്ഥങ്ങളെ ഉച്ചൈസ്‌തരം വായനക്കാർക്ക് മുന്നിലവതരിപ്പിച്ച് കയ്യടി നേടുന്നു. എഴുത്തിന്റെ പ്രസക്‌തിയും പ്രതിജ്ഞാബദ്ധതയും അങ്ങനെയാണ് പാഠകരാൽ ആരാദ്ധ്യമായിത്തീരുന്നത്.
അമ്പല വിശ്വാസികളായി ജീവിക്കരുത്, സ്‌ത്രീകളോട് തോന്നേണ്ടത് സ്‌നേഹമല്ല കാരുണ്യം, അതിവൈകാരികതയിലെ അപകടങ്ങൾ, സജീവമായ മരണചിന്ത ആയുസ്സ് വർദ്ധിപ്പിക്കും, സന്യാസിമാരും അച്ചൻമാരും വിവാഹം കഴിക്കണം, കൈമാറേണ്ടത് ജാതകമല്ല, മെഡിക്കൽ സർട്ടിഫിക്കറ്റ്, മൃതശരീരം കാത്തുവയ്‌ക്കുന്നതെന്തിന്, പെൺകുട്ടികൾ പ്രണയവും പഠിക്കട്ടെ, പന്നിപ്പേറ് തടയണം, ബാങ്കുകൾക്ക് വേണ്ടി ജീവിക്കരുത്, മക്കൾക്കുവേണ്ടി സമ്പാദിച്ചു കൂട്ടരുത് എന്നിങ്ങനെ നീളുന്നു ഈ സമാഹാരത്തിലെ വിഷയങ്ങളുടെ വൈവിധ്യത.
ഈ രചനകളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ സ്വന്തം ആശങ്കകളും ആകൂലതകളും തന്നെയാണല്ലോ ഇവയെന്ന ഒരുസാക്ഷ്യപ്പെടുത്തൽ കൂടിയുണ്ടാവുന്നു. യുക്തിബോധത്തിന്റെയും സൂക്ഷ്‌മനിരീക്ഷണത്തിന്റെയും സാക്ഷ്യപത്രം കൂടിയാണ് ഈ നേർരേഖകൾ.
സമകാലീന സംഭവങ്ങളോട് പുറന്തിരിഞ്ഞു നിൽക്കാതെ സത്യസന്ധമായി പ്രതികരിക്കുമ്പോൾ പലരേയും മുഷിപ്പിച്ചെന്ന് വരാം. എങ്കിലും സത്യമപ്പോൾ അസത്യമായിത്തീരുന്നില്ല.
സമൂഹം മറക്കുടപിടിച്ച് പരിപോഷിപ്പിക്കുന്ന കാപട്യങ്ങളെ ഉള്ളുതുറന്നുകാട്ടുന്ന ഈ കൃതിയിലൂടെ മണി വായനക്കാരന്റെ പ്രശംസപിടിച്ചു പറ്റുമെന്ന കാര്യത്തിൽ ആശങ്കയില്ല.
ദുഷിച്ച കാലത്തെ ദുർബ്ബലങ്ങളായ നിമിഷം സമ്മാനിക്കുന്ന ചിന്താധാരകൾ എന്തിനെല്ലാം നമ്മെ പ്രേരിപ്പിക്കുന്നില്ല എന്നതിന്റെ പുനർചിന്തനം തന്നെയാണ് ഈ കൃതി.
ചിന്തകളിൽ ഒരു കലാപം എന്ന കാക്കനാടന്റെ ആമുഖകുറിപ്പ് ഈ സമാഹാരത്തെ ആഴത്തിൽ അളന്ന് തിട്ടപ്പെടുത്തുന്നുണ്ട്.
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരമാണ് ഈ ലേഖന സമാഹാരത്തിന്റെ പ്രസാധകർ. വില 60&- രൂപ.
മഴപ്പേച്ച് അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
ഓർമകളുരുക്കിയ മനസ്സിനെ
സ്‌നാനം ചെയ്യിക്കാൻ
ആർത്തിരമ്പിയാണ് മഴ വരിക.....
ഇലത്തുമ്പുകളിലിഴയുന്ന മഴച്ചീളിനെ
ഇളംകാറ്റ് ഇക്കിളിയിട്ടതായിരിക്കും
നാളത്തെ പ്രധാന വാർത്ത....!
ഓട്ടിൻ പുറത്ത് ഉറഞ്ഞു തുള്ളിയ
പേമാരി കടൽ പൂകിയ കഥ
കെട്ടുവള്ളക്കാരൻ തന്റെ
പ്രേയസിയോട് പാടിപ്പുകഴ്‌ത്തും....
വേനൽ ചുട്ട വയലിറമ്പിൽ
നെഞ്ചിലുറഞ്ഞ വിങ്ങൽ
കൃഷീവലൻ കണ്ണീർ മഴയായി പെയ്യിക്കും....
സ്‌നേഹത്തിനായ് കൊതിച്ച
വരൾച്ചയിലേക്കാണ്
പ്രളയം പോലെ നിന്റെ പ്രണയം
പെയ്‌തിറങ്ങിയതെന്ന്
നിലാവിനെ നോക്കി മേഘം ഗർജ്ജിക്കും....
കാലത്തിന്റെ നിലവിളികളാണ്
ഓരോ മഴത്തുള്ളിയുമെന്ന്
നാമെന്നിട്ടും മനപ്പൂർവം വിസ്‌മരിക്കും....
മഴമൊഴികൾ അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ
മനം നൊന്ത മാനം
മധുര നൊമ്പരത്താലെഴുതിയ
കവിതയാണ് മഴ !
മാനത്തിന്റെ കേഴലാണ് മഴ !
വേനലിന്റെ ശാപവചനമാണ് മഴ
ദയാവധം
മുയ്യം രാജൻ
ഹൃദയവനികയിൽ നിന്നും കാണാതായ നിന്നെ
കായലിലും കടലിലും
കണ്ടു കിട്ടിയില്ലെന്നു മാത്രമല്ല;
ഏതെങ്കിലും മോഹിതവലയത്തിലേക്ക്
കൂപ്പുകുത്തിയിരിക്കാമെന്ന്
ബലമായി സംശയിക്കപ്പെടുന്നു...
കണ്ടു കിട്ടുന്നവർ ദയവുചെയ്‌ത്
പത്രാധിപസമക്ഷം
ഹാജരാക്കി ദയാവധം
സുനിശ്ചിതമാക്കണമെന്ന്
വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു...!